നിപയുടെ പേരില്‍ വ്യാജപ്രചരണം; മൂന്ന് പേർക്കെതിരെ കേസ്.

നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത്. മൂന്ന് പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസ്.

ഇവർ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തി വരുന്നവരെക്കുറിച്ചള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നെണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വാർത്ത കുറിപ്പിൽ അറിയിച്ചു.
അതേസമയം, എറണാകുളത്ത് നിപ സ്ഥിരീകരിച്ച 23 കാരനായ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. പനി കുറഞ്ഞതായും ആരോഗ്യസ്ഥതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

മെയ് 30 നാണ് 23കാരനായ യുവാവ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോൾ നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറയൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ അടക്കമുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി. എൻഎബിഎൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനാഫലങ്ങൾ രോഗിക്ക് നിപ വൈറൽ എൻസഫലൈറ്റിസ് ആകാമെന്ന സൂചന നൽകി. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കൽ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി മൂന്ന് സർക്കാർ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയും ചെയ്തു. തുടർന്ന് യുവാവിന് നിപയാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. പനി ബാധിച്ച കാലയളവിൽ രോഗിയുമായി ഇടപഴകിയ 311 പേർ നീരിക്ഷണത്തിലാണ്. ഇവരോട് വീട്ടിൽ തന്നെ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

error: Content is protected !!