ഐഒസി ടെര്‍മിനല്‍: പ്രൊജക്ട് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പാചക വാതക ഉപഭോഗം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. കേരളത്തിന് അനുയോജ്യമായ പ്രോജക്ടുകളാണ് ആവശ്യം. ഇതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

ഇംപോര്‍ട്ട് ടെര്‍മിനല്‍, ജെട്ടി, കൊച്ചി സേലം പൈപ്പ് ലൈന്‍, പാലക്കാട് ബള്‍ക്ക് എല്‍പിജി ടെര്‍മിനല്‍ എന്നീ പ്രോജക്ടുകള്‍ക്ക് 2200 കോടി രൂപയാണ് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 630 കോടി രൂപ തൊഴിലാളികളുടെ വേതനമാണ്. ഇത് പ്രാദേശിക തൊഴിലവസരം സൃഷ്ടിക്കും. പാലക്കാടു മുതല്‍ ചേളാരി വരെയും കൊച്ചി മുതല്‍ പാരിപ്പള്ളി വരെയും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ദിവസേനയുള്ള 75 ഓളം ട്രക്കുകളുടെ റോഡുഗതാഗതം ഒഴിവാക്കാനാകും. എല്ലാ പ്രോജക്ടുകളും യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു വര്‍ഷം 40000 ട്രക്കുകളുടെ ഗതാഗതം ഒഴിവാക്കാനാകും. ഇത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും. കേരളത്തില്‍ ഗ്യാസ് ഉപഭോഗത്തില്‍ ഓരോ വര്‍ഷവും ഒമ്പത് ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.

ചര്‍ച്ചയില്‍ ഐഒസി ഡയറക്ടര്‍ പ്ലാനിംഗ് ആന്റ് ബിസിനസ് ഡെവലപ്പ്‌മെന്റ് ജി. കെ. സതീഷ്, സിജിഎം (കേരള) വി.സി. അശോകന്‍, ജി.എം- എല്‍ പി ജി (കേരള) സി എന്‍ രാജേന്ദ്രകുമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, കേരള ഹൗസ് റസിഡന്റ് കമ്മീഷര്‍ പുനീത് കുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!