മകളുടെ വിവാഹ ദിവസം അച്ഛൻ ആത്മഹത്യ ചെയ്തു; മരണവിവരം അറിയിക്കാതെ വിവാഹം നടത്തി

കൊല്ലം: മകളുടെ വിവാഹദിവസം രാവിലെ അച്ഛൻ ആത്മഹത്യ ചെയ്തു. പാരിപ്പള്ളി ചിറക്കര ഉളിയനാട് പ്രസാദ് ഭവനിൽ ബി.ശിവപ്രസാദി(44)നെയാണ് മകളുടെ വിവാഹ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശിവപ്രസാദിന്റെ മകൾ നീതുവിന്റെ വിവാഹം കഴിഞ്ഞ ദിവസം വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. രാവിലെ പതിനൊന്ന് മണിക്കായിരുന്നു മുഹൂർത്തം.
എന്നാൽ രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും ബൈക്കുമായി ഇറങ്ങിയ ശിവപ്രസാദിനെ പിന്നീട് കാണാതായി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവിൽ കുടുംബവീടിന് സമീപം ബൈക്ക് കണ്ടെത്തി.വീട്ടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
സാമ്പത്തികബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പാരിപ്പള്ളി പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അച്ഛന്റെ മരണവാർത്ത അറിയിക്കാതെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മകളുടെ വിവാഹം നടത്തി. ശിവപ്രസാദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

error: Content is protected !!