ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്; നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂർ: ആന്തൂർ നഗരസഭയുടെ നടപടികളിൽ മനംനൊന്ത് പ്രവാസി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. യു ഡി എഫ് ഇന്ന് ആന്തൂർ നഗര സഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അതേസമയം നഗരസഭയെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ് എന്നാണ് ഭരണ സമിതിയുടെ നിലപാട്.

കണ്ണൂർ കൊറ്റാളി അരയമ്പേത്തെ സാജൻ ആത്മഹത്യ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് യു ഡി എഫ്. ആന്തൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി നഗരസഭയിലേക്ക് ഇന്ന് നടത്തുന്ന പ്രതിഷേധ മാർച്ച് കണ്ണൂർ ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. കേസ് പോലീസ് അന്വേഷിക്കണമെന്ന് ആവശ്യവും കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നു. എൽ ഡി എഫിന് പൂർണ ആധിപത്യമുള്ള നഗരസഭയിൽ വ്യവസായിയുടെ മരണം രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടു കഴിഞ്ഞു. സാജന്റെ കുടുംബവും അടുത്ത ദിവസം മുഖ്യമന്ത്രി ഉൾപ്പടെയുള്ള വർക്ക് പരാതി നൽകും.

അതേസമയം സാജന്റെ കുടുംബത്തെ കണ്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്താനാണ് സി പി എം പദ്ധതിയിടുന്നത്. അടുത്ത ദിവസങ്ങളിൽ നേതാക്കൾ കുടുംബാഗങ്ങളെ സന്ദർശിക്കും. ഓഡിറ്റോറിയത്തിന് കെട്ടിട നമ്പരും അന്തിമ അനുമതിയും നിഷേധിച്ചിട്ടില്ലന്നാണ് നഗരസഭ ഭരണ സമിതിയുടെ തുടരെയുള്ള വിശദീകരണം.

വ്യക്തമായ കാരണങ്ങളില്ലാതെ ഓഡിറ്റോറിയത്തിന് അന്തിമ അനുമതി വൈകിപ്പിച്ചു എന്ന ആക്ഷേപം പൊതുസമൂഹത്തിലും ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

error: Content is protected !!