മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രറ്ററി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കും.

പുതിയ കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനത്തിൽ കൂടുതൽ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെടും.പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് സൂചന.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോകുന്നത്. സ്തംഭനാവസ്ഥ നീക്കണമെന്നും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും. ദേശീയ പാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയായതിനെ കുറിച്ചും മുഖ്യമന്ത്രി ചർച്ച നടത്തുമെന്നാണ് സൂചന.

error: Content is protected !!