വായു ചുഴലിക്കാറ്റ്: ഗുജറാത്ത് തീരം തൊടാതെ ഒമാനിലേക്ക് നീങ്ങുന്നു

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടം വിതക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായി.
അടുത്ത 48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മൂന്ന് ലക്ഷം പേരെ കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പ് അനുസരിച്ച് മാറ്റി പാർപ്പിച്ചിരുന്നു. അഞ്ഞൂറിലധികം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അർധരാത്രി വരെ അടച്ചിട്ടു.

86 ട്രെയിനുകൾ റദ്ദാക്കുകയും 37 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. ഇന്ന് മുതൽ വിമാനത്താവളങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്ന് എയർപ്പോർട്ട് അതോറിറ്റി അറിയിച്ചു. ഗുജറാത്തിൽ നിന്നും വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിന്റെ ഗതി മാറിയിരിക്കുന്നത്.

error: Content is protected !!