എക്‌സ് എം പി വിവാദം; ഷാഫി പറമ്പില്‍ എം എല്‍ എ മാപ്പ് പറഞ്ഞു

പാലക്കാട്: മുൻ എം പി എ സമ്പത്തിന്റെ വാഹനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പുപറഞ്ഞ് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ എക്സ് എംപി ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.
അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു. ഇത്‌ സംബന്ധിച്ച്‌ പല പോസ്റ്റുകളും വന്നതിന്‌ ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത്‌ കൊണ്ട്‌ അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. എന്റെ പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു- ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തി. സ്റ്റാഫ് അംഗമാണ് ഫോണിൽ സംസാരിച്ചത്-ഷാഫി പറയുന്നു.

അതേസമയം, എക്സ് എംപി എന്നപേരിൽ ബോർഡുവെച്ച വാഹനം താൻ ഓടിച്ചിട്ടില്ലെന്ന് മുൻ എംപി എ സമ്പത്തിന്റെ ഡ്രൈവർ വ്യക്തമാക്കിയിരുന്നു. താനോ പാർട്ടി പ്രവർത്തകരോ ഇത്തരത്തിലൊരു ബോർഡ് കണ്ടിട്ടില്ലെന്നും എ സമ്പത്തിന്റെ ഡ്രൈവർ പ്രസാദ് എലംകുളം വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ ബോർഡ് വെച്ച വാഹനത്തിൽ താൻ സഞ്ചരിച്ചിട്ടില്ലെന്ന് എ സമ്പത്ത് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ലെന്നും പ്രചാരണം വ്യാജമാകാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിൽ ‘Ex.MP’ എന്ന ബോർഡ് പതിപ്പിച്ചതായി സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ മുൻ എംപി എ സമ്പത്തിന്റേതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

വിവാദവുമായി ബന്ധപ്പെട്ട് വി ടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിട്ടില്ല. അതേസമയം, ഫോട്ടോഷോപ്പ്‌ ചിത്രത്തിന്റെ നിർമ്മാതാവ്‌ പോസ്റ്റ്‌ മുക്കിയിട്ടുണ്ട്‌. അദ്ദേഹത്തിനും അത്‌ ഏറ്റുപിടിച്ച്‌ ഷെയർ ചെയ്ത 900-ഓളം കോൺഗ്രസ്‌-ഹരിത സൈബർ ഭടന്മാർക്കും സമർപ്പിക്കുന്നു. എന്ന് പിവി അൻവർ എംഎൽഎ വിടി ബൽറാമിനേയും സംഘത്തേയും പരിഹസിച്ചു. വാഹനത്തിന്റെ യഥാർത്ഥ ചിത്രമെന്ന പേരിൽ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിവി അൻവറിന്റെ പരിഹാസം.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ എക്സ് എംപി ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.
അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു. ഇത്‌ സംബന്ധിച്ച്‌ പല പോസ്റ്റുകളും വന്നതിന്‌ ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത്‌ കൊണ്ട്‌ അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. എന്റെ പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു.

error: Content is protected !!