ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: മെഡിക്കല്‍ കോളജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ കേസ്.

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കുമെതിരേ പൊലിസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാപ്പിഴവിനുമാണ് കേസെടുത്തിരിക്കുന്നത്. മരിച്ചയാളുടെ പരാതിയിലാണ് കേസ്.

കോട്ടയത്തെ കാരിത്താസ്, മാതാ എന്നീ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് കേസ്
എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് എന്നയാളാണ് ചികിത്സ കിട്ടാതെ ഇന്നലെ മരിച്ചത്. ഇയാളെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും രോഗിയെ ചികിത്സിക്കാന്‍ തയ്യാറായില്ല.

രോഗിയെ നാലുമണിയോടെ മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

പിന്നീട് ആംബുലന്‍സില്‍ കിടന്ന് ജേക്കബ് മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍.എം.ഒയുടെ വിശദീകരണം ജേക്കബ് തോമസിന്റെ മകള്‍ റെനി നിഷേധിച്ചു.

സംഭവത്തില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്ന് റെനി പറഞ്ഞു. മണിക്കൂറുകളോളം ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്‌സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞു.

രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പി.ആര്‍.ഒയെ അറിയിച്ചു, അവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡ്ഡില്ലെന്നായിരുന്നു പി.ആര്‍.ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും റെനി ആരോപിച്ചു.
മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പി.ആര്‍.ഒയുടെ സമീപനം ഉത്തരവാദിത്തപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ രോഗിയെ നോക്കാന്‍ അയക്കാന്‍ പോലും പി.ആര്‍.ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു.

error: Content is protected !!