ശക്തമായ മഴക്ക് സാധ്യത; റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലും, ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ ഒമ്പതിനും പത്തിനും ഓറഞ്ച് അലര്‍ട്ട് പ്രഖഅയാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഒമ്പതിനും മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ പത്തിനും ഓറഞ്ച് അലര്‍ട്ട് നല്‍കി. 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയസാധ്യത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. ബീച്ചുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, പുഴകളിലും ചാലുകളിലും ഇറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട് നേരത്തെ ഞായറാഴ്ചയോടെ അറബിക്കടലില്‍ കേരള – കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

error: Content is protected !!