മോദി ഇന്ന് കേരളത്തിൽ; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നാളെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് കൊച്ചിയിലെത്തുന്ന മോദി നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

നാളെ കൊച്ചിയിൽ നിന്ന് 9.40 ന് പുറപ്പെടുന്ന മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയശേഷം 10 മണിക്ക് ക്ഷ്രേത്രദര്‍ശത്തിനിറങ്ങും. തുലാഭാരം, കളഭച്ചാര്‍ത്ത് തുടങ്ങിയ വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

താമരപ്പൂ കൊണ്ടുള്ള തുലാഭാരമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതിന് ശേഷം ഒരു ഉരുളി നെയ്യ് സമര്‍പ്പിക്കും. മുഴുക്കാപ്പ്, കളഭച്ചാര്‍ത്ത് എന്നീ വഴിപാടുകള്‍ നടത്തുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ കെ ബി മോഹൻദാസ് പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷ ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ശിശിര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. നാളെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിൽ നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിലാണ് മോദി പങ്കെടുക്കുന്നത്. ഇതിന്ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിക്ക് മടങ്ങും. 2008 ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ഇതിന് മുൻപ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ എത്തുന്നത്.

error: Content is protected !!