കല്ലട ബസിൽ ലൈംഗിക പീഡന ശ്രമം; ഡ്രൈവർ കസ്റ്റഡിയിൽ; ബസ് പിടിച്ചെടുത്തു

മലപ്പുറം: കല്ലട ബസിൽ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബസിലെ രണ്ടാം ഡ്രൈവറാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർ ജോൺസൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാർ സംഘടിച്ചാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. കണ്ണൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇന്ന് രാവിലെ മറ്റൊരു കല്ലട ബസിൽ യാത്രക്കാരനെതിരായ ക്രൂരതയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയിൽ അശ്രദ്ധമായി ബസോടിച്ചു ഹംപിൽ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. കല്ലട ബസിൽ യാത്ര ചെയ്ത പയ്യന്നൂർ സ്വദേശി മോഹനാണ് ഭീകര അനുഭവം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ മകൻ എത്തിയാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന മോഹനെ ഇന്നലെ വാർഡിലേക്ക് മാറ്റി.

error: Content is protected !!