വ്യാജ ഡോക്ടറുടെ അടുത്ത് കുട്ടികളെ ചികിത്സിച്ചു; പാക്കിസ്ഥാനില്‍ 400-ഓളം കുട്ടികള്‍ക്ക് എയ്ഡ്‌സ്.

 

ലര്‍ക്കാന: പാക്കിസ്ഥാനിലെ സിന്ധ് സംസ്ഥാനത്തെ ലര്‍ക്കാനയില്‍ നിന്നും ഒരു ദു:ഖ വാര്‍ത്ത. അവിടെ അസാധാരണമായ രീതിയില്‍ കുട്ടികള്‍ക്ക് എച്ച് ഐ വി പോസിറ്റീവ് സ്ഥിരീകരിച്ചു. ലര്‍ക്കാനയില്‍ 607-പേര്‍ക്കാണ് ആഴ്ച്ചകള്‍ക്കുള്ളില്‍ അസുഖം പിടിപെട്ടത്. ഇതില്‍ 75-ശതമാനവും കുട്ടികളാണ്. തുടര്‍ന്ന് അണുക്കള്‍ പടരാനിടയായ കാരണം അധികൃതര്‍ തിരഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്.

ലര്‍ക്കാന സംസ്ഥാനത്തെ റാറ്റഡേറൊ നഗരത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു കുട്ടിയില്‍ എച്ച് ഐ വി ആദ്യം സ്ഥിരീകരിക്കുന്നത്. പനി വന്ന കുട്ടിയുടെ അസുഖം മാറാതിരുന്നപ്പോള്‍ ഡോക്ടര്‍ രക്തം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് കണ്ടത്. എന്നാല്‍ രക്ഷിതാക്കളെ പരിശോധിച്ചപ്പോള്‍ ഫലം എച്ച് ഐ വി നെഗറ്റീവ് ആയിരുന്നു. ഇത്തരത്തില് 10-ഓളം കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തങ്ങള്‍ നേരത്തെ ചികിത്സിച്ച ഡോക്ടറെ സംശയം വന്ന കുടുംബങ്ങള്‍ ഡോക്ടര്‍ക്കെതിരെ പരാതി കൊടുത്തു. വൃത്തിഹീനമായ സിറിഞ്ച് ഉപയോഗിച്ചതാണ് കുട്ടികള്‍ക്ക് അസുഖം പടരാന്‍ കാരണമായതെന്നായിരുന്നു പരാതി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസിന് ഇത് ബോധ്യമാവുകയായിരുന്നു.

നാലുകുട്ടികള്‍ ഇതിനകം മരിച്ചു കഴിഞ്ഞു. ഇവരുടെ കുടുംബം കുട്ടികളെ കൊന്നത് ഡോക്ടറാണെന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നഗരത്തിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് മുസാഫര്‍ ഗങ്കാരോയെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ ഇയാളുടെ ഡോക്ടര്‍ ബിരുദം വ്യാജമാണെന്ന് തെളിഞ്ഞു.

2016-ല്‍ ഇതേ സംസ്ഥാനത്ത് 1521-പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ / സ്ത്രീ ലൈഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടവര്‍ക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോഴുണ്ടായതെന്നാണ് സിന്ധിലെ എയ്ഡ്‌സ് കണ്‍ഡ്രോള്‍ പ്രോഗ്രാം തലവന്‍ പറയുന്നത്. അന്നും രോഗം പകരാന്‍ കാരണം വ്യാജ ഡോക്ടര്‍മാരുടെ അശാസ്ത്രീയമായ ചികിത്സ തന്നെയാണെന്നും അദ്ധേഹം പറയുന്നു.

എയ്ഡ്‌സ് പകരാന്‍ പൊതുവില്‍ മൂന്നു കാരണങ്ങളേ ഉള്ളൂ… രക്ഷിതാക്കളിലൂടെ, രക്തം സ്വീകരിക്കുന്നതിലൂടെ, തുടര്‍ച്ചയായി ഉപയോഗിക്കുന്ന സിറിഞ്ചിന്റെ ഉപയോഗത്തിലൂടെ. ഇവിടെ ആദ്യ രണ്ടു സാഹചര്യവും പരിശോധനയില്‍ തെളിയിക്കാനാകാത്തതോടെ വ്യാജ ഡോക്ടറുടെ അശാസ്ത്രീയമായ ചികിത്സയിലൂടെ രോഗം പരന്നുവെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ ഉറപ്പിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ലര്‍ക്കാനയില്‍ ജയിലിലാണ്.

വിവരം പരന്നതോടെ സംസ്ഥാനത്ത് രക്തം പരിശോധിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ വരികയാണ് ഇപ്പോള്‍.

error: Content is protected !!