വന്ദേമാതരം, ജയ് ഹിന്ദ് വിളിച്ചതുകൊണ്ട് രാജ്യസ്‌നേഹിയാവില്ല; എല്ലാവരെയും ഒരുപോലെ പരിഗണിക്കലാണ് ദേശസ്‌നേഹമെന്നും ഉപരാഷ്ട്രപതി

ചെന്നൈ: വന്ദേമാതരം, ജയ്ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചതുകൊണ്ട് രാജ്യസ്‌നേഹിയാവില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ദേശസ്‌നേഹത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ദേശസ്‌നേഹമെന്നാല്‍ വന്ദേമാതരം, ജയ് ഹിന്ദ് എന്നിങ്ങനെ വിളിക്കലല്ല. മുഷ്ടിചുരുട്ടി ഭാരത് മാതാ എന്നു വിളിക്കലുമല്ല. കന്യാകുമാരിയിലോ, കശ്മീരിലോ കേരളത്തിലോ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രതികരിക്കണം. അതാണ് ശരിക്കും ദേശസ്‌നേഹവും ദേശീയതയും- അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ സ്വകാര്യ മാനേജ്‌മെന്റ് കോളജിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ഇന്ത്യക്കാരനെയും ഓര്‍ക്കുന്നതും പിന്തുണയ്ക്കുന്നതുമാണു ദേശീയത. അതിനു ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ ലിംഗത്തിന്റെയോ വ്യത്യാസമുണ്ടാകാന്‍ പാടില്ല. എല്ലാ പൗരന്‍മാരെയും ഒരുപോലെ പരിഗണിക്കണം. അതാണ് ദേശഭക്തിയെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലയോ ജുഡീഷ്യറിയോ സി.വി.സിയോ സി.എ.ജിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ലമെന്റോ എന്താണെങ്കിലും നമ്മള്‍ അവയെ നശിപ്പിക്കരുത്. അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിനുള്ളില്‍ വച്ച് അക്കാര്യം ചര്‍ച്ച ചെയ്യണം. പുറത്തുപോയി ആ സ്ഥാപനത്തെ നശിപ്പിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണം ഇക്കാര്യം മനസ്സിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.

ചുംബിക്കണമെന്നുണ്ടെങ്കില്‍ അതിനായി ഏതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യണമെന്നും അത് ആഘോഷമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്തു കഴിക്കണമെന്നു തോന്നിയാലും കഴിക്കൂ. പക്ഷേ അതു മറ്റുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള വികാരത്തെ വൃണപ്പെടുത്തിയാകരുത്. അതൊരിക്കലും ആഘോഷത്തിന്റെ രൂപത്തിലുമാകരുത്. ചില സ്ഥലങ്ങളില്‍ ചുംബനം ആഘോഷങ്ങളാക്കുന്നു. രണ്ടുപേര്‍ക്ക് അതില്‍ താത്പര്യമുണ്ടെങ്കില്‍ അതിനേതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യൂ. അതിനെന്തിനാണ് ആഘോഷം? അദ്ദേഹം ചോദിച്ചു.

error: Content is protected !!