പരിയാരം ഗവ. മെഡിക്കൽ കോളേജ‌് വികസനത്തിന‌് 300 കോടിയുടെ മാ‌സ‌്റ്റർപ്ലാൻ

സർക്കാർ മേഖലയിലെ അത്യാധുനിക മെഡിക്കൽ കോളേജായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ മാറ്റുകയാണ‌് ലക്ഷ്യം. ഇതിനായി മെഡിക്കൽ കോളേജ് ആധുനികവൽക്കരിക്കുന്നതിന‌് കിഫ‌്ബി മുഖേന 300 കോടി രൂപയുടെ മാസ‌്റ്റർ പ്ലാൻ നടപ്പാക്കുമെന്ന‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സൗജന്യ ചികിത്സയടക്കം സർക്കാർ മെഡിക്കൽ കോളേജിൽ ഉണ്ടാകേണ്ട എല്ലാ സംവിധാനങ്ങളും അടുത്ത ആഴ‌്ചമുതൽ സമയബന്ധിതമായി നിലവിൽവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു . മെഡിക്കൽ കോളേജിൽ ചേർന്ന ഉന്നതതലയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ സ്ഥാപനത്തിൽനിന്ന‌് സർക്കാർ മേഖലയിലേക്കുള്ള പരിവർത്തന ദശയായതിനാൽ ഘട്ടംഘട്ടമായേ ഗവൺമെന്റ‌് മെഡിക്കൽ കോളേജ‌് തലത്തിലേക്കുള്ള മാറ്റം സാധ്യമാകൂ. എന്നാലും പരമാവധി വേഗത്തിൽ ഇവ പ്രാവർത്തികമാക്കാനാണ‌് ശ്രമം. കാരുണ്യ ചികിത്സാ പദ്ധതി നടപ്പാക്കിത്തുടങ്ങി. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ആവിഷ‌്കരിച്ച മറ്റെല്ലാ ചികിത്സാ പദ്ധതികളും താമസിയാതെ നടപ്പാക്കും. അതോടെ പാവപ്പെട്ടവരുടെ ചികിത്സ പൂർണമായും സൗജന്യമാകും. മരുന്നും സൗജന്യമായി വിതരണം ചെയ്യും. കേരള മെഡിക്കൽ സർവീസസ‌് കോർപറേഷനിൽ (കെഎംഎസ‌്സിഎൽ)നിന്നുള്ള സൗജന്യ മരുന്നുകൾ അടുത്തയാഴ‌്ച എത്തിത്തുടങ്ങും. 11 കോടി രൂപയുടെ ഇന്റന്റാണ‌് കോർപറേഷന‌് നൽകിയിട്ടുള്ളത‌്. ഇതിൽ 30 ലക്ഷം രൂപയുടെ മരുന്ന‌് അടുത്തയാഴ‌്ചതന്നെ ലഭിക്കും. ഒപി ചാർജ‌് ഒഴിവാക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനമുണ്ടാകും.

പശ‌്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ‌് മാസ‌്റ്റർ പ്ലാനിൽ മുൻഗണന. പ്രാഥമിക രൂപരേഖയാണ‌് തയ്യാറായിട്ടുള്ളത‌്. യോഗത്തിലുയർന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി സമഗ്രമാക്കും. ഇതിനായി പ്രത്യേക കൺസൾട്ടന്റിനെ നിയോഗിക്കും. കെട്ടിടങ്ങൾ പെയിന്റ‌്ചെയ‌്ത‌് മനോഹരമാക്കാനും ചോർച്ചയുള്ള കെട്ടിടങ്ങൾ പുനർനിർമിക്കാനും നടപടിയുണ്ടാകും.
രാജ്യത്തെതന്നെ അഭിമാനസ്ഥാപനമായി മാറിയ ഹൃദയാലയ അത്യാധുനിക രീതിയിൽ വികസിപ്പിക്കും. ജീവനക്കാരുടെ കാര്യത്തിൽ രണ്ടുമൂന്നു വർഷത്തേക്ക‌് നിലവിലുള്ള സ്ഥിതി അതേപടി തുടരും. ആശുപത്രി വികസന സൊസൈറ്റി രൂപീകരിക്കാനും തീരുമാനമാച്ചു.

മൂന്നുമണിക്കൂറിലേറെ സമയമെടുത്താണ‌് സ്ഥാപനത്തിന്റെ വികസന കാര്യങ്ങൾ യോഗം ചർച്ചചെയ‌്തത‌്. ടി വി രാജേ‌ഷ‌് എംഎൽഎ, ആരോഗ്യ വകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ കൊബ്രഗഡെ, ആരോഗ്യ –- വിദ്യഭ്യാസ ഡയറക്ടർ ഡോ. റംലാ ബീവി, സ‌്പെഷ്യൽ ഓഫീസർ ഡോ. കെ അജയകുമാർ, പ്രിൻസിപ്പൽ ഡോ. എൻ റോയി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!