തിരികെ തിരുമുറ്റത്തേക്ക് : പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി കൈകോർത്ത് കണ്ണൂർ ജില്ലാപഞ്ചായത്ത്

കണ്ണൂർ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല നടത്തി. പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ‘തിരികെ തിരുമുറ്റത്തേക്ക് ക്യാമ്പയിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും ചില വിദ്യാലയങ്ങളില്‍ മതിയായ വിദ്യാര്‍ഥികളില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതിന് പരിഹാരം കാണാനാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇത്തവണത്തെ ക്യാമ്പയിന്‍. ഇതിനായി പ്രാദേശിക തലത്തിലും സംഘാടക സമിതി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

മെയ് 10 നകം പഞ്ചായത്തുതല യോഗം വിളിച്ചുചേര്‍ക്കുകയും 15 നകം വാര്‍ഡ് തലത്തില്‍ സംഘാടക സമിതി രൂപീകരിക്കുകയും ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍, മത-സാമുദായിക നേതാക്കള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെയ് 15 മുതല്‍ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കും. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ജില്ലയിലെ വിദ്യാര്‍ഥികളുടെ മികച്ച പ്രകടനവും യോഗം വിലയിരുത്തി. എട്ടാംതരം വരെ മുഴുവന്‍ ക്ലാസ്സുകളിലേക്കുമുള്ള പാഠപുസ്തകങ്ങള്‍  ഇതിനോടകം സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞതായി ഡിഡിഇ ടി പി നിര്‍മ്മലദേവി യോഗത്തെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍ മാസ്റ്റര്‍, കെ ശോഭ, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ രവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, എ ഇ ഒ മാര്‍, ഡി ഇ ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!