മഴക്കാലം : ജാഗ്രതാ നിർദ്ദേശവുമായി കെകെ ശൈലജ ടീച്ചര്‍

മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് കെകെ ശൈലജ ടീച്ചര്‍. തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അവര്‍ മുന്നൊരുക്കങ്ങളേപ്പറ്റി വ്യക്തമാക്കി.

ഫേസ് ബുക്ക് പോസ്റ്റ്

2018-ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് ഗണ്യമായി കുറയ്ക്കുവാനായത് കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ വിജയമായി കണക്കാക്കാവുന്നതാണ്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ബാധയും പ്രളയ ദുരന്തവുംമൂലംവിലപ്പെട്ട കുറെ ജീവനുകള്‍ നഷ്ടമായിട്ടുണ്ട്.

ഈ വര്‍ഷവും പല പകര്‍ച്ചവ്യാധികളുടെയും നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിട്ടാണ് കാണുന്നതെങ്കിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നത്.

ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഈ മാസം 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മേയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രിയ്ക്കും ഓരോ ജില്ലയുടെ ചുമതലയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

എല്ലാവിധ പകര്‍ച്ചവ്യാധികളും തടയാനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി.പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിവിധ ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഇതോടൊപ്പം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കും.

error: Content is protected !!