വിടവാങ്ങിയത് തനത് മാപ്പിളപ്പാട്ടിൻറെ സുൽത്താൻ

കണ്ണൂർ : മാപ്പിളപ്പാട്ട് ശാഖയിൽ തനത് ശീലുകളുടെ സുൽത്താനായിരുന്നു എരഞ്ഞോളി മൂസ്സ എന്ന ഗായകൻ .തലശ്ശേരി എറിഞ്ഞോളിയിൽ നിന്നും കയ്‌പ്പേറിയ ജീവിതാനുഭവങ്ങൾ വലിയകത്ത് മൂസ എന്ന പച്ചയായ മനുഷ്യനെ ഗായകനാക്കി .ജീവിതത്തെ സംഗീതം കൊണ്ട് സമാശ്വസിപ്പിച്ച ഗായകൻ അതാണ് മൂസാക്ക . മെലിഞ്ഞു നീണ്ട ശരീരവും പല്ല് മുഴുക്കെ കാണിച്ചുള്ള ചിരിയും കൈമുതലായുള്ള മൂസ വേദികളിൽനിന്നും വേദികളിലേക്ക് ജൈത്രയാത്ര തുടരുമ്പോൾ കൂടെ കരുതിയത് സൗഹൃദങ്ങൾ മാത്രമായിരുന്നു .

എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി 1940 മാർച്ച് പതിനെട്ടിനാണ് ജനനം . മാപ്പിള പാട്ട് ശീലുകൾ മൂളി നടന്ന മൂസ തലശ്ശേരിയിലെ ഗ്രാമീണ കലാസമിതികളിലൂടെയാണ് കലാരംഗത്ത് എത്തുന്നത് .തുടർന്ന് ഗാനമേള വേദികളിൽ സജീവമായ മൂസ തനത് ആലാപന ശൈലികൊണ്ട് കാണികൾക്ക് പ്രീയപ്പെട്ട പാട്ടുകാരനായി .അനുഭവങ്ങളുടെ പാട്ടുകാരനാണ് എരഞ്ഞോളി മൂസ. അതിന്റെ നീറ്റല്‍ സഹിച്ചുകൊണ്ടാണ് ഹൃദയരാഗങ്ങള്‍ ആ നാവിലുണര്‍ന്നത്1970 -80 കാലഘട്ടങ്ങളിൽ മാപ്പിളപ്പാട്ട് ഗാനശാഖയിലെ ഭക്തി ഗാനങ്ങലടക്കമുള്ള പാട്ടുകൾ അതിൻറെ ആത്മാവ് തൊട്ട് മൂസ പാടി .അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ, കെട്ടുകൾ മൂന്നും കെട്ടി ,മാണിക്യ മലരായ പൂവി ,മീറാജ് രാവിലെ കാറ്റേ തുടങ്ങി നിരവധി ഗാനങ്ങൾ മലയാളത്തിനായി അദ്ദേഹം നൽകി .അദ്ദേഹം പാടിയ കത്ത് പാട്ടുകളും ഹിറ്റായി

കല്യാണ വീടുകളിൽ പെട്രോൾമാക്സിന്റെ അരണ്ട വെളിച്ചത്തിൽ പാടി തുടങ്ങിയ മൂസ ഗ്രാമീണ കലാസമിതികൾ , ഗാനമേള ,ആകാശവാണി തുടങ്ങിയ വേദികളിലൂടെ മലയാളിക്ക് ചിരപരിചിതനായ മൂസാക്ക എന്ന ഗായകനായി .ഗൾഫ് നാടുകളിലടക്കം മൂവ്വായിരത്തിലധികം വേദികളിൽ പാടിയ മൂസ മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവച്ചു .മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു .പുതിയ കാലഘട്ടത്തിൽ മാപ്പിളപ്പാട്ടിനെ വികലമാക്കിയ രീതിക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച മൂസ ,മാപ്പിളപ്പാട്ടിന്റെ തനിമയും ,പാരമ്പര്യവും മുറുകെ പിടിച്ചു .ഈ കാര്യത്തിൽ തന്നെ എതിർത്തവർക്ക് സ്വതസിദ്ധമായ തൻറെ ചിരികൊണ്ട് അദ്ദേഹം മറുപടിനല്കി.

ഫോക്‌ലോർ അക്കാദമി അക്കാദമി വൈസ് ചെയർമാനായി കലാരംഗത്ത് സജീവമായിരിക്കെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .അവസാന നാളിൽ തൻ്റെ ശബ്‌ദം നഷപെട്ടതോടെ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം .ഡി സി ബുക്ക്സ് “ജീവിതം പാടുന്ന ഗ്രാമഫോൺ”എന്ന ആത്മകഥ പ്രസിധീകരിച്ചിട്ടുണ്ട്.ഭാര്യ : കുഞ്ഞാമി,മക്കൾ നസീറ,നിസാർ,സാദിഖ്,സമീം,സാജിദ

നാടൻ ശീലുകൾകൊണ്ട് മലയാളിമനസ്സുകീഴടക്കിയ കെ രാഘവൻ മാസ്റ്ററുടെ സ്നേഹിതൻ കൂടിയായ എരഞ്ഞോളി മൂസയുടെ വിയോഗത്തോടെ തലശേരിയിൽ നിന്നും പിറവികൊണ്ട തനിനാടൻ സംഗീതത്തിൻറെ മറ്റൊരു അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്ടമാകുന്നത്

അദ്ദേഹം പാടിയതുപോലെ
“കെട്ടുകൾ മൂന്നും കെട്ടി ..കട്ടിലിൽ നിന്നെയും ഏറ്റി
ഒരുദിനമുണ്ടൊരു യാത്ര തീരെ മടക്കമില്ലാത്ത യാത്ര …
അതെ …..ആ യാത്രയ്ക്ക് മടക്കമില്ല… പക്ഷേ
മൂസാക്ക പാടിയ പാട്ടുകൾ …മലയാളികളുള്ളിടത്തോളം കാലം കൂടെയുണ്ടാവും

റിപ്പോർട്ട് : സാജു ഗംഗാധരൻ
ന്യൂസ് വിങ്‌സ്

error: Content is protected !!