പയ്യന്നൂരിൽ സി പി എം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീണ്ടും വീടിന് നേരെ ബോംബേറ്. സി പി എം പ്രവര്‍ത്തകനായ എടാട്ടെ വട്ടക്കൊവ്വല്‍ കുഞ്ഞിരാമന്റെ വീടിന് നേര്‍ക്കാണ് ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായത്. പുലര്‍ച്ചെ 2 മണിയോടെ ഗേറ്റിന് പുറത്ത് നിന്ന് വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരക്കൊമ്പില്‍ തട്ടി മുറ്റത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണുള്ളത.് മാരക ശേഷിയുള്ള സ്റ്റീല്‍ ബോംബാണത്രെ ഇവിടെയും പോട്ടിത്തെറിച്ചത.് കുഞ്ഞിരാമന്റെ മകന്‍ അനില്‍ കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കുറച്ച് നാളായി തുടര്‍ച്ചയായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ബോംബുസ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ട്‌. എട്ടിക്കുളം മൊട്ടക്കുന്നിന് പിന്നാലെ കഴിഞ്ഞ ദിവസം ആര്‍ എസ് എസ് നേതാവ് പി രാജേഷിന്റെ കാരയിലെ പാലത്തിന് സമീപത്തെ വീടിന് സമീപത്തും ബി ജെ പി നേതാവ് പനക്കീല്‍ ബാലകൃഷ്ണന്റെ കോറോത്തെ വീടിന് മുന്നിലും ബോംബേറ് നടന്നിരുന്നു. ബോംബേറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സി പി എം, ബി ജെ പി നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സി പി എം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കും ബോംബേറ് നടന്നത്. എല്ലായിടത്തും പൊട്ടിത്തെറിച്ചത് ഒരേ തരത്തിലുള്ള ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണത്രെ. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ അടിക്കടിയുണ്ടാകുന്ന ബോംബുസ്‌ഫോടനങ്ങള്‍ ജനങ്ങളിലാകെ ഭീതി വിതച്ചിരിക്കയാണ്.

error: Content is protected !!