അമേരിക്കൻ പടയൊരുക്കം വീണ്ടും ഗൾഫിലേക്ക്

അമേരിക്കയും ഇറാനും തമ്മിലെ ഭിന്നത രൂക്ഷമായതോടെ ഗൾഫ്
മേഖലയിൽ വീണ്ടും പടയൊരുക്കം. സുരക്ഷാ ഭീഷണി മുൻനിർത്തി ഗൾഫ്
മേഖലയിലേക്ക് പുതിയ യുദ്ധ കപ്പലും ആയുധ സാമഗ്രികളും അയക്കാനാണ് യു.എസ് തീരുമാനം.

അതേ സമയം വന്‍ശക്തികളുമായി ഒപ്പുവെച്ച ആണവ കരാറിൽ നിന്ന്
ഭാഗികമായി പിൻവാങ്ങുന്നതായുള്ള ഇറാൻ മുന്നറിയിപ്പ് പ്രതിസന്ധി കൂടുതൽ ശക്തമാക്കും.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന്
ഈ മാസം രണ്ട് മുതലാണ് അമേരിക്ക കർശന വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇറാൻ.

എണ്ണ ഉപരോധം നടപ്പാക്കിയാൽ ഹോർമുസ് കടലിടുക്ക് മുഖേനയുള്ള എണ്ണ വിതരണം തടയുമെന്ന ഇറാൻ ഭീഷണി നിലനിൽക്കുന്നുണ്ട്. ഒരു ദിവസം പോലും കടലിടുക്ക് അടച്ചിടാൻ ഇറാന് സാധിക്കില്ലെന്ന നിലപാടിലാണ് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ.

അതേസമയം മേഖലയിലെ യു.എസ് സൈനികർക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിട്ടതായി പ്രചാരണം ശക്തമാണ്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ സൈനികർക്ക് കൂടുതൽ സുരക്ഷയും ഏർപ്പെടുത്തി. അത്യന്താധുനിക യുദ്ധ കപ്പലും ഉപകരണങ്ങളും ഗൾഫ് മേഖലയിലേക്ക് മാറ്റാനുള്ള അമേരിക്കൻ നടപടിയും സംഘർഷം മൂർഛിപ്പിക്കും.

ഈ സാഹചര്യത്തിലാണ് 2015ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്ന്
ഭാഗികമായി പിൻമാറുമെന്ന ഇറാൻെറ മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കരാർ വ്യവസ്ഥകൾ ഇറാന്‍ ബാധകമല്ലാതെ വരുന്നത് വൻശക്തി രാജ്യങ്ങളെയും വെട്ടിലാക്കും.

പ്രതികൂല സാമ്പത്തിക സാഹചര്യം നിലനിൽക്കെയുള്ള ഗൾഫ് സംഘർഷം പ്രവാസി സമൂഹവും ആശങ്കയോടെയാണ് നോക്കി കാണുന്നത്.

error: Content is protected !!