വീഴ്ചയിൽ നട്ടെല്ല് പൊട്ടി വൃദ്ധയായ മാതാവ്; തിരിഞ്ഞു നോക്കാതെ മകനും ഭാര്യയും.

അഞ്ചാലുംമൂട്: വീഴ്ചയിൽ പരിക്കേറ്റ് അവശനിലയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. എന്നാൽ കൂടെപ്പോകാൻ ആരുമില്ലാത്തതിനാൽ വയോധികയെ തിരികെ വീട്ടിലെത്തിച്ചു.കടവൂർ പള്ളിക്കുസമീപം ബോസ് ഭവനിൽ പ്രസ്റ്റീന (68) ആണ് സംരക്ഷണമില്ലാതെ അവശനിലയിൽ വീട്ടിൽ കഴിയുന്നത്. ഭർത്താവ് മരിച്ച ഇവർ സർക്കാർ ഉദ്യോഗസ്ഥനായ ഏക മകനോടൊപ്പം ഒരേ വീട്ടിലാണ് താമസം. പ്രസ്റ്റീന താഴത്തെ നിലയിൽ ഒരു മുറിയിലും മകനും കുടുംബവും മുകളിലുമായാണ് താമസം.

അഞ്ചുദിവസം മുൻപ്‌ വീണുപരിക്കേറ്റ പ്രസ്റ്റീന കിടപ്പിലായി. മതിയായ ചികിത്സകിട്ടാതെ അവശനിലയിലായ ഇവരുടെ ദയനീയസ്ഥിതി നാട്ടുകാർ അഞ്ചാലുംമൂട് ജനമൈത്രീ പോലീസിനെ അറിയിച്ചു. തുടർന്ന് സി.ആർ.ഒ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോലീസെത്തി അമ്മയെ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചെങ്കിലും മകൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രസ്റ്റീനയെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.ജില്ലാ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയ ഡോക്ടർമാർ, വീഴ്ചയിലുണ്ടായ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ഒപ്പംപോകാൻ ആരുമില്ലാത്തതിനാൽ പ്രസ്റ്റീനയെ വീണ്ടും വീട്ടിലെത്തിച്ചു. മകൻ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് നിർദേശം നൽകിയതായി സി.ഐ. ജെ.പ്രദീപ് പറഞ്ഞു

error: Content is protected !!