പി.വി.എസ് ആശുപത്രി ജീവനക്കാരുടെ സമരം ഒത്തുതീർന്നു; ആവശ്യങ്ങൾ മാനേജ്‌മന്റ് അംഗീകരിച്ചു.

എറണാകുളം പി.വി.എസ് മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജീവനക്കാർ നടത്തിവന്ന അനിശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റ് മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഹോസ്പിറ്റലിന് മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു.

എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. 2018 ആഗസ്ത് മുതൽ നഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.

നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂൺ 10നും നൽകും. 2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങളും 2019 ആഗസ്റ്റ് 20നുള്ളിൽ നൽകും. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതന കുടിശ്ശികയും ആഗസ്ത് 20നുള്ളിൽ നൽകും. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളി യൂണിയൻ പ്രതിനിധികളും സമ്മതിച്ചു.

error: Content is protected !!