മലപ്പുറത്തും പൊന്നാനിയിലും പിവി അന്‍വറിന്റെ കോലംകത്തിച്ച് എ ഐ വൈ എഫ്.

മലപ്പുറം: സി.പി.ഐക്കെതിരെ പറഞ്ഞാല്‍ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനെ ഇനി പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാരോപിച്ച് മലപ്പുറത്തും പൊന്നാനിയിലും എ.ഐ.വൈ.എഫ്.പ്രവര്‍ത്തകര്‍ പി.വി.അന്‍വറിന്റെ കോലംകത്തിച്ച് പ്രതഷേധിച്ചു.
പൊന്നാനി ലോകസഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും, നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെയാണ് കടുത്ത പ്രതിഷേധവുമായി എഐവൈഎഫ് രംഗത്തുവന്നത്. അന്‍വര്‍ സി.പി.ഐയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍. എല്‍.ഡി.എഫിനൊപ്പം നിന്നു സി.പി.ഐയ്‌ക്കെതിരായ വിമര്‍ശനം തുടര്‍ന്നാല്‍ പി വി അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പ്രതിഷേധ യോഗങ്ങളില്‍ വ്യക്തമാക്കി.
ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എം.എല്‍.എയാണ് പി.വി അന്‍വറെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. സമദ് ആവശ്യപ്പെട്ടു. മലപ്പുറം ടൗണിലും, പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും സി.പി.ഐക്കെതിരെയും സി.പി.ഐ വയനാട് സ്ഥാനാര്‍ഥി പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്.
സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വര്‍ ഇന്നലെ ആരോപിച്ചത്. സി.പി.ഐ നേതൃത്വം തെരഞ്ഞെടുപ്പില്‍ നന്നായി സഹകരിച്ചു. എന്നാല്‍ സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നല്‍കേണ്ടി വരും. 2011ല്‍ തന്നെ ഏറനാട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സി.പി.ഐ വാഗ്ദാനം ചെയ്തതാണ്. 25 ലക്ഷം രൂപ നല്‍കി പി.കെ ബഷീര്‍ ഇത് അട്ടിമറിച്ചുവെന്നും അന്‍വര്‍ ആരോപിക്കുന്നു. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

error: Content is protected !!