നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തും, സ്‌പൈവെയര്‍ ആക്രമണ മുന്നറിയിപ്പ്, വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യണം

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വിവരം. സ്‌പൈവെയര്‍ ആക്രമണത്തെ തുടര്‍ന്ന് ഉപയോക്താക്കളോട് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വാട്‌സ്ആപ്പ് കമ്പനി അഭ്യര്‍ത്ഥിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

വാട്‌സ്ആപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്‌പൈവെയര്‍ ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്‍ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാട്‌സ്ആപ്പ് അറിയിച്ചു. അനുവാദമില്ലാതെ ഒരു ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുകയും വിവരം ചോര്‍ത്തുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് സ്‌പൈവെയറുകള്‍. ഇന്റര്‍നെറ്റ് ഉപയോഗം, വിവരങ്ങള്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവ സ്‌പൈവെയറുകള്‍ ചോര്‍ത്താം.

മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ എന്ന പ്രോഗ്രാമുകളിലാണ് സ്‌പൈവെയറുകളെയും സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്‌സ് ആപ്പിനൊപ്പം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യണമെന്ന് പ്രസ്താവനയില്‍ വാട്ട്‌സാപ്പ് അറിയിച്ചു. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിലെ അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിക്കഴിഞ്ഞു.

നിലവിലുള്ള ഫയര്‍വാളുകളോ ആന്റി വൈറസ് സോഫ്റ്റ് വെയറുകളോ ഉപയോഗിച്ച് ഈ സ്‌പൈവെയറുകളെ തടയാന്‍ കഴിയില്ല. ഏതാണ്ട് 100 ശതമാനം ഡിവൈസുകളെയും ഇത് ആക്രമിച്ചേക്കാം എന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. 20 കോടിയില്‍ അധികം ഉപയോക്താക്കളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന് ഇന്ത്യയിലുള്ളത്.

error: Content is protected !!