ആശുപത്രിയിൽ നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം പമ്പയാറ്റിൽ

ചെങ്ങന്നൂർ: മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ തഴക്കര വഴുവാടി പൊതുശേരിൽ വീട്ടിൽ സുജിത്തിന്‍റെ ഭാര്യയും തകഴി ഗവ. യു.പി സ്കൂൾ അധ്യാപികയുമായ രജിത (39)യെയാണ് മാന്നാർ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയിൽ വീട്ടിൽ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്പതികളുടെ മകളാണ്.

നടുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇവർ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകൾക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ, ഉച്ചഭക്ഷണം നൽകാൻ ജീവനക്കാർ എത്തിയപ്പോൾ ഇവരെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ ഭർത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പന്നായി ടവർ ലൊക്കേഷൻ കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച ഉച്ചയോടെ പമ്പയാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മക്കൾ: ദേവനന്ദ, നാലു മാസമായ കുട്ടിയും.

error: Content is protected !!