ആലത്തൂരില്‍ കൂറ്റന്‍ ലീഡ്; രമ്യ ഹരിദാസ് അട്ടിമറി ജയത്തിലേക്ക്

പാലക്കാട് ആലത്തൂര്‍ ലോക് സഭ മണ്ഡലത്തില്‍ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കാഴ്‍ച്ചവെക്കുന്നത്. സിപിഎം സിറ്റിങ് സ്ഥാനാര്‍ഥി പികെ ബിജുവിന് എതിരെ 93,228 വോട്ടുകളുടെ ഭൂരിപക്ഷമാണ് 65 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ രമ്യ സ്വന്തമാക്കിയത്.

രാഹുല്‍ ഗാന്ധി നേരിട്ട് തെരഞ്ഞെടുത്ത രമ്യ ഹരിദാസ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പിന്തുണ വെറുതെയായില്ലെന്ന് തെളിയിക്കുകയാണ്.

ആലത്തൂരിലെ എല്ലാ വോട്ടര്‍മാരും ഒപ്പം നിന്നു. അവരോടുള്ള സന്തോഷവും നന്ദിയും ഈ അവസരത്തില്‍ പറയുകയാണ്. – രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാടും തൃശൂരും ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ മണ്ഡ‍ലം. ഇവിടുത്തെ ഇടത് കോട്ടകള്‍വരെ തൂത്തുവാരിയാണ് രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷത്തെ പരമ്പരാഗതമായി പിന്തുണയ്‍ക്കുന്ന തരൂര്‍, ചിറ്റൂര്‍ മേഖലകളില്‍ വരെ രമ്യ ഹരിദാസ് മുന്നിലെത്തി.

പ്രചാരണ സമയത്ത് നിരവധി വിവാദങ്ങളാണ് രമ്യ ഹരിദാസിനെച്ചുറ്റിയുണ്ടായത്. ഇടത് കണ്‍വീനര്‍ എ വിജയരാഘവന്‍ രമ്യയ്‍ക്ക് എതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വന്‍ വിവാദമായിരുന്നു. നിയമനടപടി സ്വീകരിച്ച രമ്യയോട് പിന്നീട് വിജയരാഘവന്‍ ഖേദപ്രകടനവും നടത്തി.

കവിത കോപ്പിയടിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തിയ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തും രമ്യ ഹരിദാസിന് എതിരെ പരാമര്‍ശം നടത്തിയിരുന്നു. പൊതുവേദികളില്‍ പാട്ടുപാടുന്ന രമ്യയെ പരിഹസിച്ചാണ് ദീപ നിശാന്ത് വിവാദമുണ്ടാക്കിയത്. ഈ വിഷയത്തിലും ദീപ നിശാന്തിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

error: Content is protected !!