വയനാടിനായി രാഹുലിന്‍റെ ആദ്യഇടപെടല്‍; കര്‍ഷക ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: വയനാടിന് വേണ്ടി നിയുക്ത എംപി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍. ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പനമരം പഞ്ചായത്തിലെ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായ വയനാട് എംപിയുടെ കത്ത്.

ദിനേഷ് കുമാറിന്‍റെ വിധവ സുജാതയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

അതേസമയം വോട്ടര്‍മാര്‍ക്ക് നന്ദി അറിയാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത ആഴ്ച വയനാട്ടിൽ എത്തും. വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാരെ നേരില്‍ കാണാനായി എത്തുന്നത്. കേരളത്തിൽ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്.

അടുത്ത വെള്ളിയാഴ്ച രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ട്വിറ്ററിലും രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

error: Content is protected !!