എടിഎം തട്ടിപ്പ്: തലശ്ശേരി സ്വദേശിനിയുടെ കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടു.

 

തലശ്ശേരി: കര്‍ണാടകയിലെ മടിക്കേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തലശ്ശേരി വടക്കുമ്പാട് സ്വദേശിനി എടിഎം തട്ടിപ്പിനിരയായി. വടക്കുമ്പാട്ടെ ഒതയോത്ത് ഹൗസില്‍ സി. ആഷ്‌ലി പ്രദീപിനാണ് എടിഎം തട്ടിപ്പിലൂടെ 26,000 രൂപ നഷ്ടമായത്. ഇവരുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മൂന്നു മിനിറ്റിനകം മൂന്നു തവണകളായി 26,000 രൂപ പിന്‍വലിച്ചത്. രണ്ടുതവണ പതിനായിരം രൂപ വീതവും ഒരു തവണ 6,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബാങ്ക് ഓഫ് ബറോഡയുടെ ഗുജറാത്തിലെ വാപിയിലുളള എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് ആഷ്‌ലിയുടെ സെല്‍ഫോണില്‍ പ്രത്യക്ഷപ്പെട്ട സന്ദേശത്തിലുള്ളത്. തന്റെ പിന്‍നമ്പറോ, അക്കൗണ്ട് നമ്പറോ, എടിഎം കാര്‍ഡോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബാങ്കിന്റെ സുരക്ഷാ വീഴ്ച്ചയാണ് പണം നഷ്ടപ്പെടാനിടയാക്കിയതെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആഷ്‌ലി ധര്‍മടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് എസ്ബിഐ തലശേരി ബ്രാഞ്ച് മാനേജര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ധര്‍മടം പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!