‘ഇന്ത്യയ്ക്ക് പ്രധാനമന്ത്രി, നിങ്ങൾക്ക് സേവകൻ’; പ്രവർത്തകരോട് മോദി

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസയിൽ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

വാരാണാസിയെ പ്രതിനിധീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു. കാശിയിലെ ജനങ്ങളോട് നന്ദി പറയുന്നു. മോദിയുടെ വിജയമല്ല, മറിച്ച് പ്രവര്‍ത്തകരുട വിജയമാണിത്. വോട്ടെണ്ണുന്നതിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യ തന്നെ പ്രധാനമന്ത്രിയാക്കി. എന്നാൽ ഇന്നും താൻ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. തൻ്റെ ജീവിതം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ്. ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും കഠിനാധ്വാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10 മണിക്ക് ലാൽ ബഹദൂര്‍ ശാസ്ത്ര രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവര്‍ണര്‍ രാം നായിക്ക്, അമിത് ഷാ. യോഗി ആദിത്യനാഥ്, യുപി ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിന് ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തി ദര്‍ശനം നടത്തി.

ഇത്തവണ 4.80 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മോദി വാരാണസിയിൽ നിന്ന് വിജയിച്ചത്. കോൺഗ്രസ് നേതാവ് അജയ് റായ്, എസ്‍പി ബിഎസ്‍പി നേതാവ് ശാലിനി യാദവ് എന്നിവരായിരുന്നു മോദിയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥികള്‍. 2014 ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മൂന്ന് ലക്ഷമായിരുന്നു മോദിയുടെ ഭൂരിപക്ഷം.

error: Content is protected !!