അറക്കൽ രാജ കുടുംബം : സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റെടുത്തു

തലശ്ശേരി: കണ്ണൂര്‍ അറക്കല്‍ രാജ കുടുംബത്തിന്റെ നാല്‍പതാമത് അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു. അറക്കല്‍ സുല്‍ത്താനായിരുന്ന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ അധികാരി ചുമതലയേറ്റത്.

കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ ‘അൽമാർ മഹലിൽ’ വെച്ചാണ് അറക്കൽ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. അല്ലാഹുവിന്റെ നാമത്തിൽ സ്ഥാനമേറ്റെടുക്കുന്ന കാര്യം ബീവി സന്ദേശ കുറിപ്പിലൂടെ സദസ്സിനെ അറിയിച്ചു.
മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച മർഹൂം എ.പി ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.

 

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിക്കുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തോടെ രാജകീയ അധികാരങ്ങൾ നഷ്ടമായെങ്കിലും കഴിഞ്ഞ പതിനാല് നൂറ്റാണ്ടായി കണ്ണൂർ, ലക്ഷദ്വീപ്, മാലിദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആത്മീയ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് അധികാരവും നേതൃത്വവും നൽകിയ പ്രൗഡമായ പാരമ്പര്യമുള്ള അറക്കൽ രാജ കുടുംബത്തിന് പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട രംഗത്ത് ഐതിഹാസികമായ അടയാളപ്പെടുത്തലുകളാണ് ഉള്ളത്. അക്കൽ രാജ കുടുംബത്തെ കുറിച്ചും കണ്ണൂർ സിറ്റിയുടെ പൈതൃകത്തെ കുറിച്ചും ഗവേഷണ പഠനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള നിരവധി സർവ്വകലാശാല വിദ്യാർത്ഥികളും, ചരിത്ര ഗവേഷകരും, നാട്ടുകാരും  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!