കേരളത്തില്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് സ്ത്രീകള്‍; പുരുഷ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ പറ്റാത്ത വിധം സ്വര്‍ണ്ണം ഒളിപ്പിക്കും.

തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ സ്വര്‍ണം കടത്തുന്നവരില്‍ അധികവും സ്ത്രീകളെന്ന് ഡി ആര്‍ ഐ-യ്ക്ക് വിവരം ലഭിച്ചു. ഇത്തരം സ്ത്രീകള്‍ക്ക് ഉന്നത തല ബന്ധങ്ങള്‍ ഉണ്ടെന്നാണ് വിവരം. അഭിഭാഷകനായ ബിജു മോഹനന്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസിനു സുപ്രധാന വിവരങ്ങൾ ലഭിച്ചത്.

പുരുഷന്‍മാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്തവിധം ശരീരത്തിലെ രഹസ്യ ക്രേന്ദ്രങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ എളുപ്പമാണെന്ന വിവരമാണ് റവന്യു ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്നത്.

സ്ത്രീകളുടെ വന്‍ റാക്കറ്റാണ് സ്വര്‍ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം കസ്റ്റംസിനെ ഞ്ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്ത്രീകള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കര്‍ശനമായ പരിശോധനകള്‍ സാധാരണ നടത്താറില്ല. അവര്‍ സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ കടത്തുമെന്ന മുന്‍ധാരണയില്ലാത്തതാണ് കാരണം. 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരമാണ് റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചത്. അന്വേഷണം പുറത്തു വരാതിരിക്കാന്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യയെയാണ് അഭിഭാഷകനായ ബിജു കള്ളക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചിരുന്നത്. ബിജുവും ഭാര്യയും ഒറ്റക്ക് കള്ളക്കടത്ത് നടത്തിയതായി ഉദ്യോഗസ്ഥര്‍ കരുതുന്നില്ല. ബിജുവിന്റെ ഭാര്യ വിനീതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അക്കാര്യം വ്യക്തമായിരുന്നു . ബിജുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യ നാലുവട്ടം സ്വര്‍ണം കടത്തിയെന്നാണ് റിപ്പോര്‍ട്ട്.

നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ ദുബായില്‍ പോയി കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത്. ദുബായില്‍ ഒളിവില്‍ കഴിയുന്ന കേസിലെ മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനാണ് റവന്യൂ ഇന്റലിജന്‍സ് തീരുമാനിച്ചിരിക്കുന്നത്. ബിജുവിന്റെ സ്വഭാവം കാരിയര്‍മാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തുക എന്നതായിരുന്നു. ബിജു തന്നെ, സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായി വിനീത മൊഴി നല്‍കിയിട്ടുണ്ട്. 20 കിലോ സ്വര്‍ണമാണ് വിനീത കടത്തിയത്.
സ്വര്‍ണം മാത്രമല്ല വിദേശ കറന്‍സിയും കടത്താന്‍ താന്‍ ശ്രമിച്ചതായി വിനീതയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിത്തു ദുബായ് ക്രേന്ദീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അഭിഭാഷകനായ ബിജുവും വിഷ്ണുവും  കീഴടങ്ങുമെന്നാണ് റവന്യൂ ഇന്റലിജന്‍സ് കരുതുന്നത്.
സ്വര്‍ണം കടത്തുന്ന സ്ത്രീകളെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചിരുന്നതായും ഇന്റലിജന്‍സ് കരുതുന്നു.

error: Content is protected !!