പോലീസ് പിടിച്ച ബൈക്ക് തിരിച്ചു നൽകിയില്ല; കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.

തിരുവനന്തപുരം: തന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തത് തിരിച്ചു കിട്ടാൻ യുവാവ് ചെയ്ത കടും കയ്യിൽ പോലീസ് വട്ടം കറങ്ങി. ബൈക്ക് കിട്ടാൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവാവ് വേറിട്ട പ്രധിഷേധ സമര മുറ സ്വീകരിച്ചത്. ഒടുവില്‍ പോലീസ് യുവാവിന് ബൈക്ക് തിരികെ നല്‍കി. നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ചായ്ക്കോട്ടുകോണം പൂവങ്കാല കുഴിക്കാലവീട്ടിൽ രഞ്ജിത്(18) ആണ് കെട്ടിടത്തിന്‍റെ മൂന്നാംനിലയില്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. അയൽവാസിയുടെ വീട്ടിൽ കല്ലെറിഞ്ഞെന്ന പരാതിയിൽ ഒരാഴ്‍ചമുമ്പ് യുവാവിനൊപ്പം ബൈക്കും മാരായമുട്ടം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തിയശേഷം രഞ്ജിത്തിനെ വിട്ടയച്ചു. എന്നാൽ ബൈക്ക് പോലീസ്‌ തിരികെ നൽകിയിരുന്നില്ല.

എന്നാൽ ഈ കേസിൽ പിന്നീട് മറ്റൊരാളെ പൊലീസ് പിടികൂടി. രഞ്ജിത്ത് അല്ല ഇയാളാണ് ജനൽച്ചില്ല് തകർത്തതെന്നും കണ്ടെത്തി. പക്ഷേ എന്നിട്ടും രഞ്ജിത്തിന്റെ ബൈക്ക് വിട്ടുനല്‍കാന്‍ പൊലീസ് കൂട്ടാക്കിയില്ല. ഒൻപതുദിവസമായിട്ടും ബൈക്ക് വിട്ടുകിട്ടാത്തതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മാരായമുട്ടം കാർഷിക വിപണനകേന്ദ്രത്തിന്റെ മൂന്നാംനിലയിൽ കയറിയ രഞ്ജിത് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‍സും പൊലീസും സ്ഥലത്തെത്തിയെങ്കിലും ബൈക്ക് തിരികെ ലഭിച്ചാല്‍ മാത്രേമ താഴെയിറങ്ങൂയെന്ന് പറഞ്ഞ് രഞ്ജിത് മുകളിൽ തന്നെ നിലയുറപ്പിച്ചു. ഇതിനിടെ ബ്ലെയ്ഡ് കൊണ്ട് കൈഞരമ്പ് മുറിക്കാനും യുവാവ് ശ്രമിച്ചു. ഒടുവില്‍ മറ്റുവഴികളില്ലാതായതിനെത്തുടർന്ന് സ്റ്റേഷനിലായിരുന്ന ബൈക്ക് സ്ഥലത്തെത്തിച്ചു. പക്ഷേ എന്നിട്ടും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല.

ഒരു മണിക്കൂറോളം നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ കെട്ടിടത്തിനു മുകളിലെത്തിയ അഗ്നിശമന സേനാംഗം യുവാവിനെ താഴെയിറക്കി. കെട്ടിടത്തിന്റെ പുറകുവശത്തെ കടയുടെ ഇരുമ്പുഷട്ടർ തകർത്താണ് സേനാംഗം മുകളിലെത്തിയത്. തുടര്‍ന്ന് രഞ്ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!