വീണ്ടും #മീ ടൂ ആരോപണം; സിദ്ധിഖിനെതിരെ നടി രേവതി സമ്പത്ത്‌

#മീ ടൂ ആരോപണങ്ങൾ കെട്ടടങ്ങുന്നില്ല. നടൻ സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് മുന്നോട്ടു വരികയാണ് നടി രേവതി സമ്പത്ത്‌. വർഷങ്ങൾക്ക് മുൻപ് നടൻ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം. ഒരു സിനിമയുടെ പ്രദർശന വേളയിൽ ആയിരുന്നു മോശം പെരുമാറ്റം എന്നും ഫേസ്ബുക് പോസ്റ്റിൽ രേവതി പരാമർശിക്കുന്നു. സിദ്ധിഖും കെ.പി.എ.സി. ലളിതയും ചേർന്ന് 2018 ഒക്ടോബറിൽ നടത്തിയ പ്രസ് മീറ്റിന്റെ വിഡിയോക്കൊപ്പമാണ് പോസ്റ്റ്.

“ഈ വീഡിയോ പലവുരു കാണുമ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ ആവുന്നില്ല. തിരുവനന്തപുരം നിള തിയേറ്ററിലെ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ 2016 ലെ പ്രിവ്യു നടക്കുമ്പോൾ നടൻ സിദ്ദിഖ് എന്നോട് അപമര്യാദയായി പെരുമാറി. അയാളുടെ ലൈംഗിക ചുവയുള്ള വർത്തമാനം 21-ാം വയസ്സിൽ എന്നെ തളർത്തി. അയാൾ എനിക്ക് സമ്മാനിച്ച ആഘാതം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അയാൾക്കൊരു മകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഇയാളുടെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് ഞാൻ സംശയിക്കുന്നു. നിങ്ങളുടെ മകൾക്കാണിത് സംഭവിച്ചതെങ്കിൽ എന്ത് ചെയ്യുമായിരുന്നു മിസ്റ്റർ സിദ്ദിഖ്? ഇദ്ദേഹത്തെ പോലൊരു വ്യക്തിക്ക് എങ്ങനെ WCC പോലൊരു സംഘടനക്കെതിരെ വിരൽ ചൂണ്ടാൻ കഴിയും? ഉളുപ്പുണ്ടോ? ചിന്തിച്ചു നോക്കൂ. ജന്റിൽമാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മുഖംമൂടികളോട് ലജ്ജ തോന്നുന്നു.”

മുൻപ് സംവിധായകൻ രാജേഷ് ടച്ച്റിവറിനുമെതിരെ മീ ടൂ പരാമർശവുമായി രേവതി എത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ടച്ച്‌റിവറിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായിരുന്നു. പ്രതികരിക്കുമ്പോൾ ‘നീ ഒരു പുതുമുഖമാണ്, ഒന്നും പറയേണ്ട’ എന്ന തരത്തില്‍ ആയിരുന്നു പ്രതികരണം എന്ന് ആരോപിച്ചിരുന്നു. തെലുങ്കിലും, ഒറിയയിലുമായി തയ്യാറായി വന്നിരുന്ന ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു സംഭവം. മാനസികമായ പീഡനം, അപമാനം, ലിംഗ വിവേചനം, ലൈംഗികച്ചുവയുള്ള സംഭാഷണം, ബ്ലാക്ക്‌മെയില്‍ ആരോപണങ്ങളാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ രേവതി ഉന്നയിച്ചത്.

error: Content is protected !!