വോട്ടെണ്ണൽ: കണ്ണൂരിൽ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

മെയ് 23 ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് (ഇടിപിബി) എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി ആകെ വിതരണം ചെയ്തത് 4748 പോസ്റ്റല്‍ ബാലറ്റുകളാണ്. സൈനിക രംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വ്വീസ് വോട്ടിനുള്ള ( ഇടിപിബി) 4406 ബാലറ്റും വിതരണം ചെയ്തു. ഇതുവരെ 1854 പോസ്റ്റല്‍ വോട്ടുകളും 2644 സര്‍വ്വീസ് വോട്ടുകളുമാണ് തിരിച്ചു വന്നത്.

പോസ്റ്റല്‍ ബാലറ്റുകള്‍, സര്‍വീസ് വോട്ടുകള്‍ എന്നിവ എണ്ണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു . ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ സൂപ്രണ്ട് പി പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.
റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആറ് ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി പ്രത്യേകം ക്രമീകരിക്കും. സര്‍വ്വീസ് വോട്ട് എണ്ണുന്നതിന് 14 ടേബിളുകളും ഉണ്ടാകും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയ ശേഷം ഇവിഎം മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. മെയ് 22 ന് വൈകിട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് രാഷ്്ട്രീയ പാര്‍ട്ടികളുടെ ഏജന്റിനെയും സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ കലക്ടറേറ്റില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. 22ന് മൂന്ന് മണി മുതല്‍ 23 ന് രാവിലെ എട്ടു മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസര്‍ നേരിട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്വീകരിക്കും.

error: Content is protected !!