എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു

എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. അല്പസമയത്തിനകം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും. അതിനിടെ പുതിയ എംപിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി.

വൈകീട്ട് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍‍ന്ന എന്‍ഡിഎ എം.പിമാരുടെ യോഗം നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുള്ള അനുമതിയും നരേന്ദ്രമോദിക്ക് യോഗം നല്‍കി. അല്പസമയത്തിനകം തന്നെ രാഷ്ട്രപതിയെകണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും.

ജൂണ്‍ മൂന്നിന് മുമ്പായി പതിനേഴാമത് ലോക്സഭയുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. സത്യപ്രതിജ്ഞ അടക്കമുള്ള ചടങ്ങുകള്‍ ഇതിന് മുന്നെ പൂര്‍ത്തിയാക്കണം. ഈ മാസം മുപ്പതിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് വിവരം. ഇതിന് മുമ്പ് വോട്ടര്‍മാരോട് നന്ദി പറയാന്‍ സ്വന്തം മണ്ഡലമായ വരാണാസി മോദി സന്ദര്‍ശിക്കുമെന്നും വാര്‍ത്തകളുണ്ട്. അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് കഴിഞ്ഞാല്‍ രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയെ ക്ഷണിക്കും.

error: Content is protected !!