ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിൽ നടന്നത് 177 വിവാഹങ്ങൾ.

ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയിൽ ഞായറാഴ്ച നടന്നത് 177 വിവാഹങ്ങൾ. ദർശനത്തിനും ഭക്തരുടെ വൻ തിരക്കനുഭവപ്പെട്ടു. വിവാഹ തിരക്കും ദർശന തിരക്കും ഒത്തുചേർന്നതോടെ നഗരത്തിൽ ഗതാഗത സ്തംഭനമായി. കാന നിർമാണത്തിനായി റോഡിലുള്ള നിയന്ത്രണങ്ങളും പ്രധാന പാർക്കിങ് ഗ്രൗണ്ടുകൾ നിർമാണ പ്രവൃത്തികൾക്കായി അടഞ്ഞു കിടക്കുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. പൊലീസും ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെല്ലാം പൊലീസ് പിഴ ശിക്ഷ വിധിച്ചെങ്കിലും പാർക്കിങ്ങി​​െൻറ സ്ഥല പരിമിതി പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടുമില്ല. ഏറ്റവും വലിയ പാർക്കിങ് ഗ്രൗണ്ടായ ദേവസ്വത്തി​​െൻറ വേണുഗോപാൽ പാർക്കിങ്ങും നഗരസഭയുടെ ആന്ധ്ര പാർക്കും ബഹുനില പാർക്കിങ് സമുച്ചയ നിർമാണത്തിനായി അടച്ചിട്ടിരിക്കുകയാണ്.

ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ വൺവേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാർക്കിങ് പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അടച്ചിട്ടിരിക്കുന്ന പാർക്കുകൾ തുറക്കും വരെ പാർക്കിങ്ങിന് ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ അടുത്തു വരുന്ന തിരക്കുള്ള ദിവസങ്ങളിലും ദുരിതം തുടരും. അടുത്ത ഞായറാഴ്ചയും വിവാഹങ്ങൾ ഏറെയുണ്ട്. അതിന് പുറമെ അവധിക്കാലം അവസാനിക്കുന്നതിനാൽ ദർശനത്തിനും തിരക്കേറും.

error: Content is protected !!