സിസ്റ്റര്‍ ലിനിയായി റീമയും ശൈലജ ടീച്ചറായി രേവതിയും; നിപയെ ഓര്‍മ്മിപ്പിക്കുന്ന വൈറസിന്‍റെ പോസ്റ്റര്‍

റീമ കല്ലിങ്കലും ആഷിഖ് അബുവും നിര്‍മ്മിച്ച്, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നിപ്പയെ ആസ്പദമാക്കിയ വൈറസ് ചിത്രത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആരോഗ്യമന്ത്രിയായി വേഷമിടുന്ന രേവതിയുടെയും സിസ്റ്റര്‍ ലിനിയായി എത്തുന്ന റിമ കല്ലിങ്കലിന്‍റെയും പോസ്റ്ററുകളാണ് പുറത്തുവന്നത്. സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലെ 13 പേരുടെ ജീവനപഹരിച്ച നിപ വൈറസിനെ തുരുത്താന്‍ ആരോഗ്യമന്ത്രിയും വകുപ്പും നടത്തിയ ശ്രമങ്ങളാണ് ചിത്രം തുറന്നുകാണിക്കുന്നത്. നിപ വൈറസിനെ തുരുത്താന്‍ മുഖ്യപങ്ക് വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ജീവിതത്തെ വെളളിത്തിരയിലൂടെ പുനരവതരിപ്പിക്കുകയാണ് രേവതി. സിനിമയിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായപ്പോള്‍ ശൈലജ ടീച്ചറുമായുളള രേവതിയുടെ രൂപസാദൃശ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്ന റിമ കല്ലിങ്കലാണ്. വൈറസിന്‍റെ ട്രെയിലറും വന്‍ ഹിറ്റായിരുന്നു.
ഒപിഎം സിനിമാസിന്‍റെ ബാനറില്‍ മുഹ്സിന്‍ പരാരിയും ഷര്‍ഫുവും സുഹാസുമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന വൈറസിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രാജീവ് രവിയും ഷൈജു ഖാലിദും ചേര്‍ന്നാണ്. ചിത്രം ജൂണ്‍ 7ന് തിയേറ്ററുകളിലെത്തും

error: Content is protected !!