യു.പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ ആയിരം കോടി വിലവരുന്ന 1818 കിലോ ലഹരിവേട്ട.

ന്യൂഡല്‍ഹി: യു.പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ ലഹരിവേട്ട. ആയിരം കോടി വിലവരുന്ന 1818 കി.ഗ്രാം സ്യൂഡോഫെഡ്രിന്‍ പിടികൂടി. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) രാജ്യത്തിന്റെ ഏറ്റവും വലിയ ലഹരിവേട്ട നടത്തിയത്. സംഭവത്തില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെയും ഒരു ദക്ഷിണാഫ്രിക്കക്കാരനെയും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. വാടകയ്‌ക്കെടുത്ത വീട് ഇവര്‍ ലഹരി വസ്തുക്കളുടെ നിര്‍മാണ യൂനിറ്റായി മാറ്റുകയായിരുന്നു.

ഡല്‍ഹി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ നോംസ ലുട്ടാലോയെ ചോദ്യം ചെയ്തപ്പോഴാണ് ഗ്രേറ്റ് നോയിഡയിലെ ലഹരി നിര്‍മാണ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്. ജോഹന്നസ്ബര്‍ഗില്‍നിന്ന് ദുബൈ വഴി ഡല്‍ഹിയിലേക്ക് എത്തിയതായിരുന്നു നോംസ ലുട്ടാലോ. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ 24.7 കി.ഗ്രാം സ്യൂഡോഫെഡ്രിന്‍ കണ്ടെത്തി. ജോഹന്നസ്ബര്‍ഗില്‍നിന്ന് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിച്ചാല്‍ പണം നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവ കടത്തിയതെന്ന് നാംസ ലുട്ടാലോ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ പരിശോധനയില്‍ നിരവധി പെട്ടികളിലായാണ് സ്യൂഡോഫെഡ്രിനിന്റെ വന്‍ ശേഖരം കണ്ടെത്തിയത്. ഇവിടെനിന്ന് 1.9 കി.ഗ്രാം കൊക്കെയ്‌നും കണ്ടെത്തിയെന്ന് എന്‍.സി.ബി സോണല്‍ ഡയരക്ടര്‍ മാധവ് സിങ് പറഞ്ഞു. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നാണ് അനധികൃത രാസ വസ്തുക്കള്‍ ലഭിച്ചതെന്ന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തിനിടെ നടന്ന ലോകത്തിലെ ഏറ്റവും വലിയ സ്യൂഡോഫെഡ്രിന്‍ വേട്ടയാണിതെന്ന് എന്‍.സി.ബി അധികൃതര്‍ പറഞ്ഞു. യു.പി പൊലിസിന്റെ ലഖ്‌നൗവിലെ സാമ്പത്തിക വിഭാഗം ഉദ്യോഗസ്ഥനായ ദേവേന്ദ്ര പി.എന്‍ പാണ്ഡെ ഐ.പി.എസിന്റേതാണ് വീട്. 2015 മുതലാണ് നൈജീരിയന്‍ സ്വദേശികള്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയത്. ഇടനിലക്കാരിലൂടെയാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും ലഹരി നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയില്ലെന്നും ദേവേന്ദ്ര പി.എന്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!