സുരക്ഷയില്ലാതെ ഇ വി എമ്മുകൾ കടത്തുന്നത് വ്യാപകം; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.

ലഖ്‍നൗ: യു പിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപിയിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളിൽ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകൾ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകൾ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ പ്രതികരണം. ആരോപണമുയർന്ന എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാർട്ടി പ്രതിനിധികളുടെയും മുന്നിൽ വച്ച് സീൽ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പകർത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്ട്രോങ് റൂം നിരീക്ഷിക്കാൻ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് അവസരവുമുണ്ട്. – തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഇവിഎമ്മുകൾ ഒരു ട്രക്കിൽ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന മൊബൈൽ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കാണ് ഈ ഇവിഎമ്മുകൾ കൊണ്ടുവരുന്നതെന്ന് ദൃശ്യങ്ങളിൽ സൂചനകളുണ്ട്. അത്തരത്തിലാണ് വീഡിയോയിലുള്ളവർ സംസാരിക്കുന്നത്.

എന്തുകൊണ്ടാണ് ഇവിഎമ്മുകൾ ഇപ്പോൾ കൊണ്ടുവരുന്നതെന്നും, നേരത്തേ കൊണ്ടുവരാത്തതെന്നും വീഡിയോ പകർത്തുന്ന എസ്‍പി പ്രവർത്തകർ ചോദിക്കുന്നത് കേൾക്കാം.

എന്നാൽ ഇതിന് അധികൃതർ മറുപടി നൽകുന്നത്, ചന്ദൗലിയിൽ പോളിംഗ് ദിവസം ആവശ്യമെങ്കിൽ ഉപയോഗിക്കാൻ വച്ചിരുന്ന 35 റിസർവ് ഇവിഎം യൂണിറ്റുകളാണ് കൊണ്ടുവന്നതെന്നാണ്. ആദ്യം കൊണ്ടുവരാനുള്ള വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഇല്ലാതിരുന്നതിനാലാണ് വോട്ടെടുപ്പ് നടന്ന ദിവസം കൊണ്ടുവരാതിരുന്നതെന്നും അധികൃതർ പറയുന്നു. അവസാനഘട്ടമായ മെയ് 19-നായിരുന്നു ചന്ദൗലിയിൽ വോട്ടെടുപ്പ്. ചട്ടപ്രകാരം പോളിംഗ് യന്ത്രങ്ങൾക്ക് ഒപ്പം തന്നെ റിസർവ് ഇവിഎമ്മുകളും കൊണ്ടുവരണമെന്നാണ് ചട്ടം.

ഇതിനിടെ, ഉത്തർപ്രദേശിലെത്തന്നെ ഗാസിപൂരിൽ അർദ്ധരാത്രി ഒരു സെറ്റ് ഇവിഎമ്മുകൾ കടത്താൻ ശ്രമമുണ്ടായെന്ന് കാണിച്ച് ബിഎസ്‍പി സ്ഥാനാർത്ഥി അഫ്‍സൽ അൻസാരി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് കൃത്യമായ നിർദേശങ്ങൾ നൽകി. കേന്ദ്രമന്ത്രിയായ മനോജ് സിൻഹയാണ് ഇവിടെ അഫ്‍സൽ അൻസാരിയുടെ എതിരാളി.

ഉത്തർപ്രദേശിലെ ദോമരിയാഗഞ്ജിലും, ജാൻസിയിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബിഹാറിൽ ഇവിഎം യന്ത്രങ്ങൾ വഹിച്ചുകൊണ്ട് തലങ്ങും വിലങ്ങും പായുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

നേരത്തേ ഹരിയാനയിലെ സോനീപതിലും പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ഫഗ്‍വാരയിലും ഇവിഎമ്മുകൾ സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

error: Content is protected !!