പരിശോധന പൂര്‍ത്തിയായി; തെച്ചിക്കോട്ട് കാവ് രാമചന്ദ്രനു മദപ്പാടില്ല. പൂരത്തിന് എഴുന്നള്ളിച്ചേക്കാം

തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആരോഗ്യവാനെന്ന് ഡോക്ടര്‍മാരുടെ സംഘം. പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു കൈമാറും. മൂന്ന് ഡോക്ടര്‍മാരാണ് ആനയെ പരിശോധിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ടി.വി. അനുപമ ആനയെ പൂര വിളംബരത്തില്‍ പങ്കെടുപ്പിക്കണമോയെന്നു തീരുമാനിക്കും.
ആനക്കു മദപ്പാടില്ല. ശരീരത്തില്‍ മുറിവുകളുമില്ലെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. രാമചന്ദ്രനെ ഒന്നര മണിക്കൂര്‍ നേരം എഴുന്നള്ളിക്കാന്‍ തങ്ങള്‍ക്കു മന്ത്രിമാരുടെ യോഗത്തില്‍ ഉറപ്പു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ ആന ഉടമസ്ഥ സംഘം ആനകളെ പൂരം എഴുന്നള്ളിപ്പിനു വിട്ടുനല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കുന്നതായും അറിയിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ശനിയാഴ്ച എഴുന്നള്ളിക്കുന്നുവെങ്കില്‍ അതു മണികണ്ഠനാല്‍ പരിസരത്തു നിന്ന് ആയിരിക്കുമെന്നാണ് ആന ഉടമസ്ഥ സംഘം നല്‍കുന്ന സൂചന. നെയ്തലക്കാവിലമ്മയുടെ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിനു നേരത്തെയും മണികണ്ഠനാല്‍ പരിസരത്തു നിന്നു തുടങ്ങുന്ന തരത്തില്‍ എഴുന്നള്ളിപ്പു നടത്തിയിട്ടുണ്ട്.
മണികണ്ഠനാല്‍ പരിസരത്തു നിന്ന് തുടങ്ങി തെക്കേ ഗോപരു നട തുറന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം അറിയിച്ചത്. ചടങ്ങിന്റെ മറ്റ് കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നെയ്തലക്കാവ് ദേവസ്വം ആണെന്നും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും ഉടമകള്‍ പറഞ്ഞു.

error: Content is protected !!