മാവോയിസ്റ്റ് ഭീഷണി : വയനാട്ടിൽ തിരച്ചിൽ ഉനർജ്ജിതമാക്കി തണ്ടർബോൾട്ട്

വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ പൊലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിര്‍ത്തി ചെക്പോസ്റ്റുകളുടെ നിയന്ത്രണവും തണ്ടര്‍ബോള്‍ട്ട് ഏറ്റെടുത്തു. ബുധനാഴ്ച രാഹുല്‍ ഗാന്ധി എത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാരുടെ സംയുക്ത നിയന്ത്രണത്തിലാണ് തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന. സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട്ടിലേയും നിലമ്പൂരിലേയും ഉള്‍ക്കാടുകളിലേക്ക് തണ്ടര്‍ബോള്‍ട്ട് കയറി.

സമീപദിവസങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടിലെ മക്കിമല, മേപ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും സംഘമെത്തി. കാര്യമായ സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. വയനാട് മലപ്പുറം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ വനമേഖലയിലാണ് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന.

രണ്ട് ജില്ലയിലേയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പൊലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം തണ്ടര്‍ബോള്‍ട്ടിന്‍റെ മുഴുവൻ സമയ നിരീക്ഷണവുമുണ്ട്. NDA സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് സായുധ സംഘം സുരക്ഷ ഒരുക്കുന്നു. LDF സ്ഥാനാര്‍ത്ഥി പി.പി. സുനീറാകട്ടെ സുരക്ഷ വേണ്ടെന്ന നിലപാടിലാണ്. സിപി റഷീദിന്‍റെ മരണത്തിന് തിരിച്ചടി നല്‍കുമെന്നാണ് മാവോയിസ്റ്റ് ഭീഷണി. ഈ സാഹചര്യത്തില്‍ പഴുതടച്ച പരിശോധനയിലാണ് വിവിഐപി മണ്ഡലത്തില്‍ തണ്ടര്‍ ബോള്‍ട്ട്.

error: Content is protected !!