വ്യാജ വാഗ്ദാനം നൽകി ലൈംഗീക ബന്ധത്തിൽ ഏർപ്പെടൽ പീഡനം തന്നെ ; സുപ്രീം കോടതി

വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനമാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണിതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

പീഡനം ഒരു സ്ത്രീയുടെ അന്തസും ആദരവുമെല്ലാം അപകീർത്തിപ്പെടുത്തുന്നു. ഇരയും പീഡിപ്പിക്കുന്ന ആളും ഒന്നിച്ച് ജീവിക്കാൻ തയ്യാറായിരിക്കുന്നവർ ആയാൽപ്പോലും കുറ്റകൃത്യം നിയമസാധുത ഇല്ലാത്തതാണെന്ന് കരുതാനാവില്ല- കോടതി നിരീക്ഷിച്ചു. ആധുനിക സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നും കോടതി വ്യക്തമാക്കി.

2013ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഛത്തീസ്ഗഢ് സ്വദേശിയായ ഡോക്ടർ ബിലാസ്പൂരിലെ കോന്നി സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 2009 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ഇരുവരുടെയും വീട്ടുകാർക്കും അറിയാമായിരുന്നു.

എന്നാൽ ഇയാൾ പിന്നീട് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയും  പെൺകുട്ടിക്ക് നൽകിയ വിവാഹ വാഗ്ദാനം നിരസിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് ശരിവെച്ച ഹൈക്കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ‌‌

പ്രതിക്ക് യുവതിയെ വിവാഹം ചെയ്യാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാൽ വ്യാജ വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും വിചാരണവേളയിൽ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമായതായി കോടതി പറഞ്ഞു. ഇത് പീഡനം തന്നെയാണെന്ന് നിരീക്ഷിച്ച കോടതി പ്രതി ശിക്ഷ അനുഭവിക്കണമെന്നും വ്യക്തമാക്കി.

അതേസമയം പത്ത് വർഷത്തെ കഠിന തടവെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ഏഴ് വർഷമാക്കി കുറച്ചു.

error: Content is protected !!