ലോകത്തെ ഞെട്ടിച്ച ശ്രീലങ്കൻ സ്ഫോടനം ; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരന്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങൾക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നിരിക്കുന്നത്.

അമേരിക്കൻ സഖ്യരാജ്യങ്ങളും പൗരന്മാരുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഐഎസിന്‍റെ വിശദീകരണം. അമാഖ് വാർത്താ ഏജൻസിയാണ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഎസിന്‍റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീലങ്കയിലെ ഇസ്‌ലാമിക് ഗ്രൂപ്പായ എൻജെടി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നേരത്തെ ഏറ്റെടുത്തിരുന്നു. എൻജെടിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിക്കുകയും ചെയ്തു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിലെ 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇതിനിടെയാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

ചാവേർ സ്ഫോടനം നടത്തിയ ഏഴ് പേരും ശ്രീലങ്കൻ പൗരന്മാർ തന്നെയാണെന്ന് മന്ത്രി രജിത സേനാരത്നെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിന് വിദേശത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണം പുരോഗമിച്ചു വരികയായിരുന്നു.

ഈ​സ്റ്റ​ർ​ ദി​ന​ത്തിൽ ​കൊളംബോയിലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, പാ​ർ​പ്പി​ട സ​മു​ച്ച​യം എ​ന്നി​ങ്ങ​നെ എ​ട്ടി​ട​ത്തു ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ മുന്നൂറോളം പേരാണ് മരിച്ചത്. ഇതിൽ ഒരു മലയാളി സ്ത്രീ ഉൾപ്പടെ 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കൊ​ളം​ബോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, നെ​ഗോം​ബോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി, ബ​ട്ടി​ക്ക​ലോ​വ സി​യോ​ൻ പ്രോ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 8.45ന് ​ഈ​സ്റ്റ​ർ​ തിരുക്കർമങ്ങൾക്കിടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. തൊട്ടുപിന്നാലെ കൊ​ളം​ബോ​യി​ലെ ഷാം​ഗ്രി-​ലാ, സി​ന​മ​ൺ ഗ്രാ​ൻ​ഡ്, കിം​ഗ്സ്ബ​റി ഹോട്ടലുകളിൽ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

error: Content is protected !!