എസ് ഡി പി ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അന്തരിച്ചു.

കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് (63) അന്തരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. പണ്ഡിതന്‍, എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. ഖബറടക്കം ബുധന്‍ രാവിലെ 10ന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്. ജിഎംയുപി സ്‌കൂള്‍ എടവണ്ണ, ഐഒഎച്ച്എസ് എടവണ്ണ, എംഇഎസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. മഞ്ചേരി ഹെഡ് പോസ്‌റ്റോഫിസില്‍നിന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍സ്‌പെക്ടറായി വിരമിച്ചു. 2002- 2006 കാലയളവില്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഫലജീവിതം, അകക്കണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ജനാസ ബുധന്‍ രാവിലെ 7 മണി മുതല്‍ കോഴിക്കോട് നിലമ്പൂര്‍ റോഡില്‍ എടവണ്ണ കുണ്ടുതോടിലുള്ള റോസ് പ്ലാസ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: റഹ്മാബി. മക്കള്‍: ഷബ്‌ന, ഷംല, സ്വാലിഹ. മരുമക്കള്‍: സലീം ബാബു, അബ്ദുല്‍ ബാരി, ഷറഫുദ്ദീന്‍. പ്രിയ നേതാവിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി ബുധനാഴ്ച ഒരുദിവസം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പടെയുള്ള എല്ലാ പരിപാടികളും ഒഴിവാക്കിയിരിക്കിയതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അറിയിച്ചു.

error: Content is protected !!