എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസില്‍ മോദിയുടെ ചിത്രം: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസില്‍ ചേര്‍ത്തതില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസുകള്‍ വിതരണംചെയ്തത് വിവാദമായത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതോടെ ഈ ബോര്‍ഡിങ് പാസുകള്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇത്തരത്തില്‍ ബോര്‍ഡിങ് പാസുകള്‍ വിതരണംചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുകയുമുണ്ടായി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവിനെക്കുറിച്ച് എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

error: Content is protected !!