മാടായിപ്പാറ : ഹൈക്കോടതി വിധിയെ അവഗണിച്ച് അധികാരികൾ

മാടായിപ്പാറയുടെ ജൈവവൈവിധ്യം കണക്കിലെടുത്ത് ഏറ്റവും സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത് ഏപ്രിൽ അഞ്ചാം തീയതിയാണ്. ചരിത്രപരമായ വിധിയെന്നാണ് പരിസ്ഥിതിപ്രവർത്തകരും നിയമവിദഗ്ധരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. മാടായിയുടെ സുരക്ഷ എല്ലാ കാലത്തേക്കും ഉറപ്പ് വരുത്തും വിധത്തിൽ പിൻബലം നൽകുന്നതുമായ ഒരു തീർപ്പ് കൂടിയായിരുന്നു വിധി.

മാസങ്ങൾക്ക് മുൻപ് മാടായിപ്പാറയുടെ മധ്യഭാഗത്തായി നിക്ഷേപിച്ച അഞ്ഞൂറിലധികം ലോഡ് ജില്ലിക്കൂമ്പാരമാണ് പത്തു ദിവസത്തിനകം പൂർണ്ണമായും നീക്കുവാൻ ഉത്തരവിട്ടത്. പാറയുടെ ഉപരിതലത്തിന് കേടുവരാതിരിക്കുവാൻ വേണ്ടി ജെ സി ബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിക്കാതെ വേണം ഇത് ചെയ്യുവാൻ എന്ന് കോടതി പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി നൽകിയ പത്തുദിവസം എന്ന സാവകാശം കഴിഞ്ഞ് നാല് ദിവസം കഴിയുമ്പോളും മാടായിപ്പാറയുടെ ദുരവസ്ഥ അതേപടി തുടരുകയാണ്. ഇത് കൃത്യമായും കോടതി വിധിയെ മാനിക്കാതിരിക്കുന്ന അവസ്ഥയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വിധി പകർപ്പിൽ പറയും പ്രകാരം പഴയങ്ങാടി സബ് ഇൻസ്പെക്ടർ, ജില്ലാ പോലീസ് അധികാരി, റോഡ് കോൺട്രാക്ടർ, പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ കോടതീയലക്ഷ്യനടപടികൾക്ക് വിധേയരാവേണ്ടി വരും. കാരണം വിധി പ്രകാരമുള്ള നടപടികൾ നേരിട്ട് പൂർത്തീകരിക്കേണ്ട ചുമതല ഇവരിൽ നിക്ഷിപ്തമാണ് എന്നതിനാലാണത്.

തനത് സസ്യഇനങ്ങളിലൂടെ ലോകജൈവഭൂപടത്തിൽ ഇടം നേടിയ കണ്ണൂർ ജില്ലയിലെ ഏറ്റവും സുപ്രധാനമായ ഒരു ഇടനാടൻ ചെങ്കൽക്കുന്നിന് നേർക്കുള്ള കാലങ്ങളായുള്ള കൈയ്യേറ്റങ്ങളെയും അതിക്രമങ്ങളേയും നേരിടുവാനുള്ള ഏറ്റവും സുപ്രധാനമായ വിധി കൈക്കൊണ്ടിട്ടും, അധികൃതർ കാണിക്കുന്ന അലംഭാവം സമൂഹമാധ്യമങ്ങളിലുൾപ്പെടെ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാവുകയാണ്. ഹൈക്കോടതി വിധി മുൻനിർത്തി ശക്തമായ നടപടിയെടുക്കുവാൻ അവസരമുണ്ടായിട്ടും ദിവസങ്ങളായി അധികാരികളുടെ ഇടപെടൽ ഉണ്ടാകാത്തത് പരിഹാസ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെടുന്നു. പരസ്യമായ ലഹരി ഉപയോഗം, ദേവസ്വം ഭൂമി കൈയേറ്റം, മാലിന്യ നിക്ഷേപം, പുൽമേടുകളിലേക്ക് വാഹനം കയറ്റൽ തുടങ്ങി നിരവധി വിഷയങ്ങളിൽ പലപ്പോഴായി നൂറുകണക്കിന് പരാതികൾ നൽകിയിട്ടും കൈക്കൊണ്ട നിസ്സംഗത തന്നെയാണ് ഹൈക്കോടതി വിധിയോടും ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്നത്.

കോടതിവിധിക്ക് നിദാനമായ ജില്ലി നിക്ഷേപത്തിനെതിരെ അലംഭാവം തുടരുമ്പോളും, ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ, പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള കൈയ്യേറ്റം വെള്ളിയാഴ്ച പോലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് നിർത്തിവെക്കുകയുണ്ടായി. ഏഴോം അംശം എരിപുരം ചെങ്ങൽ ദേശം റീസർവേ നമ്പർ 60/3 ൽ നടന്ന നഗ്നമായ കൈയ്യേറ്റമായിരുന്നു അത്. പരാതി അറിയിച്ച് നിമിഷങ്ങൾക്കകം പോലീസ് നടത്തിയ ശക്തമായ ഈ നടപടി ജില്ലി വിഷയത്തിലും പുലർത്തുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.

രേണുക വടക്കൻ
ന്യൂസ് വിങ്ങ്സ്

error: Content is protected !!