കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം എന്നീ മേഖലകളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. ശക്തമായി ഉയര്‍ന്ന തിരമാലകള്‍ അന്‍പത് മീറ്ററോളം കരയിലേക്ക് അടിച്ച് കയറി. കടല്‍ക്ഷോഭത്തില്‍ വലിയ തുറയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി.

അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങളില്‍ കടല്‍ തിരകള്‍ റോഡിലേക്ക് അടിച്ച് കയറി .നിരവധി ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണി വരെ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

error: Content is protected !!