കണ്ണൂരിൽ പൊലീസിന് ഉറക്ക ഗുളിക നൽകി ജയിൽ ചാടാൻ ശ്രമം

കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥരെ ഉറക്കഗുളിക നൽകി മയക്കി ജയിൽ ചാടാൻ ശ്രമം.കണ്ണൂർ ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന മൂന്ന് റിമാൻഡ് പ്രതികാളാണ് ഉദ്യോഗസ്ഥർക്കുള്ള ചായയിൽ ഉറക്ക ഗുളിക കലർത്തിയത്.എന്നാൽ ഇത് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണിൽ പെട്ടതോടെയാണ് ഇവർ പിടിക്കപ്പെട്ടത്.

റഫീഖ്,അഷ്‌റഫ്,ഷംസീർ എന്നിവരാണ് ഈ മൂവർ സംഘം.അടുക്കളയിൽ ഭക്ഷണം വെക്കാനും മറ്റും സഹായിക്കാറുള്ളവരാണ് ഇവർ.ഉദ്യോഗസ്ഥർക്കുള്ള ചായയിൽ ഉറക്ക ഗുളിക പൊടിച്ച് ചേർത്ത് നൽകുകയായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉറങ്ങിയതോടെ താക്കോൽ കൈക്കലാക്കി രക്ഷപെടുന്നതിന് ഇവർ മെയിൻ ഗേറ്റ് പരിസരത്തേക്ക് എത്തി.എന്നാൽ ഇവിടെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിച്ചിരുന്ന അസി.പ്രിസൺ ഓഫിസർ സജിത്ത് ഇവരെ കണ്ട് ചോദ്യം ചെയ്തു.

പൈപ്പിലൂടെ വെള്ളം വരുന്നില്ല അത് പരിശോധിക്കാൻ എത്തിയതാണെന്നായിരുന്നു ഇവരുടെ മറുപടി.ഈ സമയം ചായകുടിച്ച് ബോധം നഷ്ട്ടപെട്ട രണ്ട് പൊലീസുകാരെ ഡോക്ടർ എത്തി പരിശോധിച്ചതോടെ ഭക്ഷ്യവിഷബാധയാണ് കാരണം എന്ന് വ്യക്തമായി.സംശയം മൂർച്ഛിച്ച ജയിൽ സൂപ്രണ്ട് അശോകൻ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്.മൂവരും അടുക്കളയിൽ കൂടി ആലോചിക്കുന്നതും റഫീഖ് മടിക്കുത്തിലെ പൊതിയിൽ നിന്നും പൊടി എടുത്ത് ചായയിൽ നിക്ഷേപിക്കുന്നതും കണ്ടു.ചോദ്യം ചെയ്യലിൽ മൂന്ന് ഉറക്ക ഗുളികകൾ പൊടിച്ച് ചേർത്തതായി ഇവർ സമ്മതിച്ചു.മനോധൗർബല്യമുള്ള തടവുകാർക്ക് ഉറക്കം കിട്ടുന്നതിന് വേണ്ടി ഡോക്ടർ നല്കിയിരിക്കുന്ന ഗുളിക ഇവർ കൈക്കലാക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി.

ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.റഫീഖ് പിടിച്ചുപറി കേസിലും,അഷ്‌റഫ് കഞ്ചാവ് കേസിലും,അരുൺ കൊലപാതക കേസിലും പ്രതിയാണ് .

error: Content is protected !!