‘പോളിംങ് ബൂത്തിൽ മോദി ക്യാമറ വെച്ചിട്ടുണ്ട്’ ; വോട്ടില്ലെങ്കിൽ ഫണ്ടും കിട്ടില്ലെന്ന് ബിജെപി എംഎൽഎ യുടെ ഭീഷണി

ഗുജറാത്തില്‍ മോദിക്കെതിരെ വോട്ട് ചെയ്താല്‍ ജോലിയും ഫണ്ടും നല്‍കില്ലെന്ന ഭീഷണിയുമായി ഗുജറാത്ത് എം.എല്‍.എ രമേശ് കതാരെ. വോട്ട് ചെയ്യാത്തവര്‍ക്ക് അധികം ഫണ്ടൊന്നും നല്‍കില്ലെന്ന് പറഞ്ഞാണ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഗുജറാത്തിലെ ഫത്തേപുര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രമേശ് കതാര.

പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പോളിങ് ബൂത്തുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൂടെ എത്രപേര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നുണ്ടെന്ന് അറിയാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

ഇത്തവണ ആരാണ് ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നത്, ആരാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നത് എന്നറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പോളിങ് ബൂത്തുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലിരുന്ന് അദ്ദേഹം ഇതൊക്കെ കാണും. ബി.ജെ.പിക്ക് കുറവ് വോട്ടുകള്‍ ലഭിക്കുന്ന മേഖലകളില്‍ കുറച്ച് ഫണ്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഡഹോദ് ലോക്‌സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു കതാരെ. അതേസമയം കതാരെയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് മനീഷ് ദോഷി പറഞ്ഞു.

error: Content is protected !!