മാഹിയിൽ സിപിഎം കമൽഹാസനൊപ്പം

പുതുച്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതിമയ്യം’ സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിസി.പി.എം പ്രവര്‍‌ത്തകര്‍. ലഘുലേഖകളുമായി വീടുകള്‍ തോറും കയറി ഇറങ്ങി വോട്ട് ചോദിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.

പുതുച്ചേരി മണ്ഡലത്തില്‍ മാഹിയിലൊഴികെ മറ്റെല്ലായിടത്തുംസി.പി.എം കോണ്‍ഗ്രസിനെ പിന്തുണക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഈ നീക്കം. മക്കള്‍ നീതി മയ്യത്തിനൊപ്പം സംയുക്ത പ്രചാരണത്തിനില്ലെങ്കിലും കോണ്‍ഗ്രസിനെ മണ്ഡലത്തില്‍ ജയിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് മാഹിയിലെ സി.പി.എം നേതൃത്വം. ഒരു ലോക്സഭാ മണ്ഡലത്തിലെ ഒരു സ്ഥലത്ത് കോണ്‍ഗ്രസിനെതിരായി മറ്റൊരു പാര്‍ട്ടിയെ പിന്തുണക്കുക.അതേ മണ്ഡലത്തിലെ മറ്റിടങ്ങളിലെല്ലാം പിന്തുണ കോണ്‍ഗ്രസിനും .പറഞ്ഞുവന്നത് മാഹിയിലെ സി.പി.എമ്മിനെക്കുറിച്ചാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലും ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും.

പുതുച്ചേരി മണ്ഡലത്തിലെ പോരാട്ടമാവട്ടെ ബി.ജെ.പി മുന്നണിയില്‍ പെട്ട എന്‍.ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലാണ്.പക്ഷേ മാഹിയിലെത്തുമ്പോള്‍ സി.പിഎം പിന്തുണ കമലിന്‍റെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എം.എ.എസ് സുബ്രഹ്മണ്യത്തിനും. പുതുച്ചേരിയില്‍ എതിര്‍നിരയിലുള്ള സി.പി.എം മാഹിയിലെത്തുമ്പോള്‍ മിത്രങ്ങളാകുന്നതിന്‍റെ ത്രില്ലിലാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി.

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു കീഴിലാണ് മാഹിയിലെ രണ്ടു ലോക്കല്‍ കമ്മറ്റികളുമെന്നതാണ് സി.പി.എമ്മിന്‍റെ ഈ നിലപാടിനു കാരണം. മക്കള്‍ നീതിമയ്യം ജയിക്കുമെന്നുറപ്പില്ലെങ്കിലും കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്ന നിലപാടിലാണ് മാഹിയിലെ സി.പിഎമ്മുകാര്‍. മുപ്പതിനായിരത്തിലധികം വോട്ടുള്ള മാഹിയില്‍ പക്ഷേ സി.പി.എമ്മിനെ വിമര്‍ശിച്ച് പണി വാങ്ങാന്‍ കോണ്‍ഗ്രസും ഒരുക്കമല്ല.

error: Content is protected !!