ബി ജെ പി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ നാമ നിർദ്ദേശ പത്രിക നല്‍കി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയായി സി കെ പത്മനാഭന്‍  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബി ജെ പി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
അഴീക്കോട് സ്വദേശിയായ പത്മനാഭന്‍  അഴീക്കോട് നിയോജക മണ്ഡലത്തിലെ വോട്ടറാണ്. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. സി കെ പത്മനാഭന്റെ കൈവശം 1500 രൂപയും പങ്കാളിയുടെ കൈവശം 900 രൂപയുമുണ്ട്. പത്മനാഭന്റെ പേരില്‍ സിന്റിക്കേറ്റ് ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ 1,06,000 രൂപയുടെയും ഭാര്യയുടെ പേരില്‍ എസ്ബിഐയുടെ കണ്ണൂര്‍ ശാഖയില്‍ 7,500 രൂപയുടെയും നിക്ഷേപവുമുണ്ട്. ഭാര്യയുടെ 15,000 രൂപയുടെ സ്‌കൂട്ട്‌റും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമുള്‍പ്പെടെ ഇരുവരുടെയും പേരില്‍ യഥാക്രമം 1,07,500 രൂപയുടെയും 1,23,400 രൂപയുടെയും ജംഗമ ആസ്തിയും ഭൂമിയായി 60,000 രൂപയുടെയും 30 ലക്ഷം രൂപയുടെയും സ്ഥാവര ആസ്തിയുമുണ്ട്. തിങ്കളാഴ്ച  ഒരു മണിയോടെയാണ് സി കെ പത്മനാഭന്‍ കലക്ടറേറ്റിലെത്തി പത്രിക നല്‍കിയത്. പി സത്യപ്രകാശ്, കെ രഞ്ചിത്ത് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം നാളെ (ഏപ്രില്‍ 4) വൈകിട്ട് മൂന്ന് മണിയാണ്. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാം.
error: Content is protected !!